ഇടമലയാർ കനാലിൽ വീണ മ്ലാവിനെ രക്ഷപ്പെടുത്തി 

കാലടി: ഇടമലയാർ കനാലിൽ വീണ മ്ലാവിനെ രക്ഷപ്പെടുത്തി. നീലീശ്വരം നടുവട്ടത്ത് യൂക്കാലിഭാഗത്തെ ഇടമലയാർ കനാലിലാണ് മ്ലാവ് വീണത്. ഫയർഫോഴ്‌സും വനംവകുപ്പ് ജീവനക്കാരും നാട്ടുകരും ചേർന്നാണ് മ്ലാവിനെ കരക്കെത്തിച്ചത്.

ഏകദേശം 5 വയസ് പ്രായമുണ്ട് മ്ലാവിന്. മ്ലാവിനെ വനത്തിലേക്ക് തന്നെ വിട്ടു. നിരവധി മൃഗങ്ങളാണ് ഇടമലയാർ കനാലിൽ വീണിരിക്കുന്നത്. കനാലിൽ വീണാൽ തനിയെ  കരക്കുകയാറാൻ ഇവക്ക് കഴിയാറില്ല.

മലയാറ്റൂർ വന മേഖലകളിൽ നിന്നാണ് മൃഗങ്ങൾ പുറത്തേക്കു വരുന്നത്. വെള്ളം കുടിക്കാനെത്തുന്ന  മൃഗങ്ങളാണ് കനാലിൽ വീണ് അപകടത്തിൽ പെടുന്നത്.ഫയർഫോഴ്സും, വനപാലകരും, നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലാണ് മൃഗങ്ങളെ കരയ്ക്ക്‌ എത്തിക്കുന്നത്‌.

ഏകദേശം 30 അടിയോളം താഴ്ച്ചയുണ്ട് ഇടമലയാർ കനാലിന്. 6 അടിയോളം വെള്ളവും കനാലിലുണ്ടാകും. കനാലിൽ മൃഗങ്ങൾ അകപ്പെട്ടു പോയാൽ രക്ഷപ്പെടുക പ്രയാസമാണ്.
ചില സമയങ്ങളിൽ വെള്ളത്തിന് ഒഴുക്കും കൂടുതലായിരിക്കും. കനാലിൽ നിന്ന് മുകളിലേക്ക് കയറുന്നതിന് കൈവരികൾ ഇല്ലാത്തത് കൊണ്ട് മൃഗങ്ങളെ   മുകളിലേക്ക് കയറ്റാനും സാധിക്കാറില്ല.

കോൺക്രീറ്റ് ഭിത്തിയിലൂടെ കുടുക്കിട്ട് വലിച്ചാണ് കനാലിൽ അകപ്പെട്ട മൃഗങ്ങളെ മുകളിലെത്തിക്കുന്നത്. മണിക്കൂറുകളോളം വെള്ളത്തിൽ കിടക്കുന്നതിനാൽ മൃഗങ്ങൾ അവശ നിലയിലായിരിക്കും.ഇത് മൂലം ചെന്നായ മുതലായവ ഇവയെ ആക്രമിക്കാനും സാധ്യതയുണ്ടെന്ന് വനപാലകരും പറയുന്നു.

കനാലിൽ കൈവരികൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്‌.