ആദിശങ്കരയിൽ ബ്രഹ്മയ്ക്ക് തുടക്കമായി 

കാലടി: രാഗതാള വിസ്മയമൊരുക്കി ത്യാഗരാജ ആരാധന.ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ ദേശീയ ടെക്‌നോ കൾച്ചറൽ ഫെസറ്റ് ബ്രഹ്മ 2018ന്റെ ഭാഗമായാണ് ത്യാഗരാജ ആരാധന നടന്നത്.

ത്യാഗരാജ സ്വാമികൾ രചിച്ച പഞ്ചരത്‌ന കീർത്തനങ്ങളാണ് ആലപിച്ചത്. ജഗദാനന്ദശാരക ജയ ജാനകി പ്രാണനായക എന്ന കീർത്തനത്തിൻ തുടങ്ങി എന്തൊരു മഹാനുഭാവലുവിൽ കീർത്തനം സമാപിച്ചു. 70 ഓളം കലാകാരൻമാർ ആരാധനയിൽ പങ്കെടുത്തു.

എൻ പി രാമസ്വാമി, മാധങ്കി സത്യമൂർത്തി, പ്രൊ:കുമാര കേരള വർമ, വൈക്കം അരുൺകുമാർ, ബാലകൃഷ്ണ കമത്ത്, സുശീൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി, ആദിശങ്കരയിലെ വിദ്യാർത്ഥികളും ആരാധനയിൽ പങ്കെടുത്തു. തുടർന്ന് പ്രമുഖ സാക്‌സോഫോൺ കലാകാരൻ പദ്മശ്രീ കദ്രി ഗോപാൽനാഥിനെ ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി അഡ്വ:കെ ആനന്ദ് ആദരിച്ചു.

പ്രിൻസിപ്പാൾ ഡോ:പി സി നീലകണ്ഠൻ, പോർട്ട് ട്രസ്റ്റ് വൈസ് ചെയർമാൻ വെങ്കിട്ടരമണ, ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു, ട്രസ്റ്റ് മെമ്പർ ദശരധരാമൻ ഡോ:സിഎസ് മധു തുടങ്ങിയവർ സംസാരിച്ചു. കദ്രി ഗോപാൽനാഥിന്റെ സാക്‌സോഫോൺ കച്ചേരിയും ഉണ്ടായിരുന്നു.

ആലപ്പുഴ കരുണ കൃഷ്ണമൂർത്തി(തവിൽ ), സി ആർ വിനു(വൈലിൻ), കൃഷ്ണ കമമത്ത് (മൃദംഗം) തുടങ്ങിയവരും സാക്‌സോ ഫോൺ കച്ചേരിയിൾ അണിനിരന്നു.

ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നുമായി മുവ്വായിരത്തോളം വിദ്യാർത്ഥികളാണ് ബ്രഹ്മയിൽ  പങ്കെടുക്കുന്നത്. അറുപത് മത്സരയിനങ്ങളിലായി ആറുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിദ്യാർത്ഥികൾക്കായി നൽകുന്നത്. ശനിയാഴ്ച്ച സമാപിക്കും.