ആദിശങ്കരയിൽ ബ്രഹ്മ 2018ന് വ്യാഴാഴ്ച്ച തിരിതെളിയും

 

കാലടി: ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ ദേശീയ ടെക്‌നോ കൾച്ചറൽ ഫെസറ്റ് ബ്രഹ്മ 2018 മാർച്ച് 15,16,17 തിയതികളിൽ നടക്കും. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നുമായി മുവ്വായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പരിപാടിയിൽ അറുപത് മത്സരയിനങ്ങളിലായി ആറുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്.

15 ന് രാവിലെ ത്യഗരാജ സ്വാമികളോടുളള ആദരസൂചകമായി ത്യാഗരാജ ആരാധനയോടെ ബ്രഹ്മയ്ക്ക് തുടക്കമാകും. ഭാരതത്തിലെ പ്രമുഖരായ അറുപതോളം സംഗീതജ്ഞർ പഞ്ചരത്‌നകീർത്തനങ്ങൾ ആലപിക്കും. തുടർന്ന് പ്രമുഖ സാക്‌സോഫോൺ കലാകാരൻ പദ്മശ്രീ കദ്രി ഗോപാൽനാഥിനെ ആദരിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ സാക്‌സോഫോൺ കച്ചേരി ഉണ്ടായിരിക്കുന്നതാണ്. അതിനുശേഷം ശാസ്ത്രീയ നൃത്ത സംഗീത മത്‌സരങ്ങൾ നടക്കും.

വൈകീട്ട് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ മകൻ ചേരാനല്ലൂർ ഉണ്ണികൃഷ്ണ മാരാരുടെ പ്രമാണിത്വത്തിൽ പഞ്ചാരിമേളം അരങ്ങേറും. 16 ന് കലാമത്‌സരങ്ങൾക്കൊപ്പം ശാസ്ത്ര സാങ്കേതിക മത്‌സരങ്ങൾ ഉൾപ്പെടെ മുപ്പതോളം മത്‌സരങ്ങൾ നടക്കും.

റോബോ റേസ്, ബാൻഡ് ഓഫ് ബ്രഹ്മ, കൊറിയോ ഈവ്, സംഗീത നിശ എന്നിവയുമുണ്ടാകും. 17 ന് ഇരുപത് ഇനങ്ങളിലാണ് മത്‌സരങ്ങൾ നടക്കുന്നത്. ട്രഷർ ഹണ്ട്, റോബോവാർ, തീംഷോ എന്നിവയാണ് പ്രധാന മത്‌സരങ്ങൾ. വൈകീട്ട് പ്രോ ഷോയോടുകൂടി ബ്രഹ്മ 2018ന് തിരശ്ശീല വീഴും.