രണ്ടുകോടി രൂപ വിലവരുന്ന ഹാഷിഷ് പിടികൂടി

 

പെരുമ്പാവൂര്‍: വാഹന പരിശോധനക്കിടെ രണ്ടുകോടി രൂപ വിലവരുന്ന ഹാഷിഷ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. എ.എം. റോഡില്‍ ആശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സമീപത്തു വച്ചാണ് പിടികൂടിയത്. ഹാഷിഷുമായി എത്തിയ പ്രതി ഇടുക്കി സ്വദേശി ഉടുംമ്പഞ്ചോല കൊന്നത്തടി വില്ലേജിലെ മാടപ്പിള്ളി വീട്ടില്‍ ആന്റണി (38) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ. ഫൈസലിന് രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഹാഷിഷ് കൊണ്ടുവന്ന കെ.എല്‍ 6എച്ച് 743ാം നമ്പര്‍ ബൈക്കും പൊലീസ് കസ്റ്റടിയിലെടുത്തു. രണ്ട് ബോട്ടിലുകളിലായി പാക്കു ചെയ്തിരുന്ന രണ്ടു കിലോ ഹാഷിഷ് ആണ് കണ്ടെടുത്തത്.

ഇടുക്കിയില്‍ നിന്നും എറണാകുളത്തേക്ക് വില്‍പ്പനക്കായി കൊണ്ടുപോകും വഴിയാണ് പിടിയിലായത്. പ്രതി മറ്റു പല കേസുകളിലും ബന്ധമുള്ളതായി സംശയിക്കുന്നു. സിനിമ മേഖലയുമായി പ്രതിക്ക് ബന്ധമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

മാര്‍ക്കറ്റില്‍ രണ്ടുകോടി രൂപയോളം വിലവരുന്ന ഹാഷിഷ് കസ്റ്റടിയിലെടുത്തതോടെ ഇതുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് വ്യക്തമാക്കി.