തിരുവമ്പാടി ശിവസുന്ദറിന് പെരുന്തോട്ടിലെ ആന ശ്മശാനത്തിൽ അന്ത്യവിശ്രമം (VIDEO)

 

കാലടി: മലയാറ്റൂർ വനത്തിൽ നിന്നും ലഭിച്ച കൊമ്പന് മലയാറ്റൂരിൽ തന്നെ അന്ത്യവിശ്രമം. തൃശൂരിൽ ചെരിഞ്ഞ തിരുവമ്പാടി ശിവസുന്ദറിനാണ് മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ പെരുന്തോട്ടിലെ ആന ശ്മശാനത്തിൽ ചിതയൊരുക്കിയത്. തൃശൂരിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ്  വൈകീട്ട് 4 മണിയോടെയാണ് ശിവസുന്ദറിന്‍റെ മൃതദേഹം പെരുന്തോട്ടിൽ എത്തിച്ചത്.

ഒൻപത് ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റുമാർട്ടം നടത്തി. തുടർന്നാണ് സംസ്ക്കാര ചടങ്ങുകൾ നടത്തിയത്. ത്രിശൂരിലെ ആനപ്രേമികളുടെ മനസിൽ എന്നും ഒളിമങ്ങാതെ നിൽക്കുന്ന ഗജവീരനാണ് ശിവസുന്ദർ. മലയാറ്റൂർ വനമേഖലയിൽ നിന്നും ഒറ്റപ്പെട്ട നിലയിൽ പിടികൂടിയതാണ് ഈ കൊമ്പനെ. തുടർന്ന് കോടനാട് ആന വളർത്തൽ കേന്ദ്രത്തിൽ പരിശീലിപ്പിച്ചു.

ചെറുപ്രായത്തിൽ തന്നെ ആലുവ കായക്കാരാൽ സാഹിബ് സ്വന്തമാക്കി. പിന്നീട് പൂക്കോടൻ ഫ്രാൻസീസ്, സാഹിബിൽ നിന്നും ആനയെ വാങ്ങി . തൃശൂർ സ്വദേശി സുന്ദര മേനോനാണ് ഫ്രാൻസീസിൽനിന്നും ആനയെ വാങ്ങി തിരുവമ്പാടി ക്ഷേത്രത്തിൽ നടയിരുത്തിയത്‌.

വളരെ യാദൃശ്ചികമായാണ് തിരുവമ്പാടി ക്ഷേത്രത്തിന് ശിവസുന്ദറിനെ ലഭിക്കുന്നത്. 2002 ൽ തിരുവമ്പാടി ക്ഷേത്രത്തിൽ തിടമ്പേറ്റിയിരുന്ന ചന്ദ്രശേഖരൻ ചരിഞ്ഞതിനെ തുടർന്ന് ഒരു ആനയെ വാങ്ങുവാൻ ക്ഷേത്രം ഭരണാധികാരികൾ തീരുമാനിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം നാട്ടുകാരിൽ നിന്നും പണം കണ്ടെത്തി ആനയെ വാങ്ങാനായിരുന്നു തീരുമാനം.

സംഭാവനക്കായി ടി.എൻ സുന്ദരമേനോന്‍റെ അടുത്തുചെന്നു. 2 ലക്ഷം രൂപയാണ് സംഭാവന ചോദിച്ചത്. എന്നാൽ 2003 ഫെബ്രുവരി 15ന് 28 ലക്ഷം രൂപ ചിലവാക്കി പൂക്കോടൻ ഫ്രാൻസീസിൽനിന്നും ആനയെ വാങ്ങി നടക്കിരുത്തി. ഒരു ഉത്സവമായാണ് അന്ന് ചടങ്ങുകൾ നടന്നത്.

ഇതുവരെയും ശിവസുന്ദർ യാതൊരു പ്രശ്നങ്ങളും സൃഷ്ടിച്ചില്ലെന്ന് തൃശൂരുകാർ പറയുന്നു. ഏവരുടെയും പ്രിയപ്പെട്ട ഗജവീരന് കണ്ണീരോടെ യാണ് തൃശൂരുകാർ യാത്രയാക്കിയത്.