പ്രകാശം പരക്കട്ടെ..മാതൃകയായി വിദ്യുത് പദ്ധതി

 

കാലടി:പഠനത്തോടൊപ്പം സേവന പ്രവർത്തനങ്ങളും നടത്തി മാതൃകയാവുകയാണ് കാലടി ആദിശങ്കര എഞ്ചിനിയറിങ്ങ് കോളേജിലെ ഒരു കൂട്ടം വിദ്യാർഥികൾ. നിർധനരായ നൂറോളം കുടുംബങ്ങൾക്കാണ് ഇവർ സൗജന്യമായി വൈദ്യുതി എത്തിച്ചു നൽകിയിരിക്കുന്നത്. വിദ്യുത് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അക്ഷരാർത്ഥത്തിൽ വെളിച്ചമായി മാറിയിരിക്കുകയാണ്.

അഞ്ച് വർഷം മുമ്പ് ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങ് വിദ്യാർഥികളാണ് വിദ്യുത് പദ്ധതിക്ക് തുടക്കമിട്ടത്. അന്ന് പഠന സംബന്ധമായി യാത്രയിലാണ് വൈദ്യുതി ഇല്ലാതെ കഴിയുന്ന കുടുംബങ്ങളെ കാണാനായത്. പിന്നീടുളള പഠനത്തിന്‍റെ ഇടവേളകൾ ഇവർക്ക് എങ്ങനെ വൈദ്യുതി എത്തിക്കാമെന്ന ചിന്തയിലായിരുന്നു വിദ്യാർഥികൾ. ഇവർക്ക് എങ്ങനെയെങ്കിലും വെളിച്ചമെത്തിക്കാൻ തന്നെ കുട്ടികൾ തീരുമാനിച്ചു.

കോളേജ് അധികൃതരോടും, കെഎസ്ഇബിയിലും കാര്യങ്ങൾ പറഞ്ഞപ്പേൾ അവർക്കും പൂർണ സമ്മതം. കുട്ടികൾ തന്നെ പണം കണ്ടെത്തി, വീടുകളിലെ വയറിങ്ങ് ജോലികളും കുട്ടികൾ ചെയ്തു. അങ്ങനെ ആ കുടുംബങ്ങളിൽ അവർ വെളിച്ചമെത്തിച്ചു. പിന്നീടു വന്ന വിദ്യാർഥികൾ അത് തുടർന്നുകൊണ്ട് വന്നു.

viduth-2കാലടി, മഞ്ഞപ്ര പ്ലാന്‍റേഷൻ, മുവ്വാറ്റുപുഴ, വേങ്ങൂർ, മുടക്കുഴ എന്നിവിടങ്ങളിലെ വീടുകളിലും, രണ്ട് ആംഗൻവാടികളിലും പദ്ധതി നടപ്പിലാക്കി. വീട് വൈദ്യുതീകരിക്കുന്നതിന് മുമ്പ് പദ്ധതിക്ക് കുടുംബങ്ങൾ അർഹരാണോ എന്ന് വിദ്യാർഥികൾ പരിശോധന നടത്തും. തുടർന്ന് വിദ്യാർഥികൾ തന്നെ ആവശ്യമായ വസ്തുക്കൾ വാങ്ങി വയറിങ്ങുകൾ ചെയ്യും. കെഎസ്ഇബിയുടെയും, കോളേജ് അധികൃതരുടെയും പിന്തുണ വിദ്യാർഥികൾക്കുണ്ട്.

വിദ്യുതിന്‍റെ മൂന്നാം ഘട്ടത്തിൽ . പദ്ധതിക്കായി പ്രവർത്തിച്ച വിദ്യാർഥികളെ സബ്കലക്റ്റർ കെ. ഇമ്പശേഖരൻ ഐഎഎസും, റോജി എം ജോൺ എംഎൽഎയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ തുളസി, പ്രിൻസിപ്പൽ ഡോ.പി.സി നീലകണ്ഠൻ, കെഎസ്ഇബി ഡ്യപ്യൂട്ടി ചീഫ് എഞ്ചിനിയർ പി.എ. നാരായണസ്വാമി, ഇലട്രിക്കൽ വിഭാഗം മേധാവി എ.കെ. ദിവാകരമേനോൻ തുടങ്ങിയവർ സംസാരിച്ചു. വൈദ്യുതീകരിച്ച വീടുകൾക്ക് എൽഇഡി ബൾബുകളും വിതരണം ചെയ്തു. വിദ്യുത് 2018 ന്‍റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു