കപ്യാർ ജോണിയെ റിമാന്‍റ് ചെയ്തു 

കാലടി: മലയാറ്റൂർ കുരിശുമുടി റെക്റ്റർ ഫാ.സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തിയ പ്രതി വട്ടപ്പറമ്പിൽ കോരത് മകൻ ജോണി (56) യെ റിമാന്‍റ് ചെയ്തു.14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. രാവിലെ 9 ന് കാലടി കോടതി മജിസ്ട്രേറ്റിന്‍റെ വസതിയിലാണ് ജോണിയെ ഹാജരാക്കിയത്.

തനിക്ക് തെറ്റ് പറ്റിയെന്നും മാപ്പു തരണമെന്നും ജോണി മാധ്യമങ്ങളോട് പറഞ്ഞു. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വന്നതല്ല. നാൽപ്പത് വർഷത്തോളം കപ്യാർ ജോലി ചെയ്തതാണ്. ഒരു തെറ്റും ചെയ്തിട്ടില്ല. പിരിച്ചുവിട്ടപ്പോൾ ഉണ്ടായ വികാരമാണ് ഈ കൊലപാതകത്തിനു കാരണമെന്നും ജോണി പറഞ്ഞു.

ജോണിയെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയി.ഒളിവിൽ കഴിയുമ്പോൾ ജോണി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. ഉടുമണ്ട് മരത്തിൽ കെട്ടി തൂങ്ങി മരിക്കാനാണ് ശ്രമിച്ചത്. കയർ പൊട്ടിവീണ് പരിക്കേൽക്കുകയും ചെയ്തു. മലമുകളിലെ പള്ളി ഓഫീസിൽ നിന്നും കയർ എടുക്കാനും ശ്രമം നടത്തിയിരുന്നു.പൊലീസുകാരെ കണ്ട് മടങ്ങി പോവുകയായിരുന്നു.

വെളളം കുടിക്കാനാണ് കുരിശുമുടിയുടെ ഒന്നാം സ്ഥലത്തിനടുത്തുള്ള ഫാമിലേക്ക് എത്തിയത്. പ്രതിക്കായി തെരച്ചിൽ നടത്തിയ നാട്ടുകാരുടെ സംഘമാണ് പ്രതിയെ ഫാമിൽ അവശനിലയിൽ കണ്ടത്. ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു‌.