മലയാറ്റൂർ കുരിശുമുടി റക്റ്ററുടെ കൊലപാതകം: പ്രതി കപ്യാർ ജോണി അറസ്റ്റിൽ 

കാലടി: അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി റക്റ്റർ ഫാ. സേവ്യർ തേലക്കാട്ടിലിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. മലയാറ്റൂർ കുരിശുമുടി പള്ളിയിലെ മുൻ കപ്യാർ വട്ടപ്പറമ്പൻ ജോണിയാണ് അറസ്റ്റിലാത് കുരിശുമുടി ഒന്നാം സ്ഥലത്തിനു സമീപത്തെ വനത്തിനുളളിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്.

മാനസിക സമ്മർദത്തെത്തുടർന്ന് പ്രതി ഉടുത്തിരുന്ന മുണ്ടിൽ ആത്മഹത്യക്ക് ശ്രമിച്ചതായി പൊലിസിനോടും നാട്ടുകാരോടും വെളിപ്പെടുത്തി.വ്യാഴാഴ്ച്ച ഉച്ചയ്ക്ക് കൊലപാതകത്തിനു ശേഷം പ്രതി മലയാറ്റൂർ വനത്തിനുളളിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഒന്നാം സ്ഥലത്തിനു സമീപത്തെ വനപ്രദേശത്തോട് ചേർന്ന ഫാമിൽ അവശനിലയിലായിരുന്നു ജോണി.

father-dead-2പലയിടത്തായ ഒളിവിലിരുന്ന പ്രതി ദാഹിച്ചതിനെത്തുടർന്ന് ഫാമിന് സമീപത്തെ ഷെഡിൽ വെളളം കുടിക്കാൻ കയറി. അവിടെ നിന്നും ഇറങ്ങുമ്പോഴാണ് തെരച്ചിൽ സംഘത്തിലെ നാട്ടുകാരിൽ ചിലർ പ്രതിയെ കണ്ടത്. തുടർന്ന് നാട്ടുകാർ സമീപത്തുണ്ടായിരുന്ന പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ജോണിക്കുവേണ്ടി ശക്തമായ തെരച്ചിലാണ് പൊലീസ് നടത്തിയത്. വർഷങ്ങളായി കുരിശുമുടിയിലെ കപ്യാരായിരുന്നു ജോണിക്ക് മലയെക്കുറിച്ചും, വനത്തെക്കുറിച്ചും കൂടുതൽ അടുത്തറിയാം. അതുകൊണ്ട് പൊലീസിന് തെരച്ചിൽ ദുഷ്‌ക്കരമായിരുന്നു. ‌
ആലുവ എസ്പി എ.വി ജോർജിന്‍റെ നേതൃത്വത്തിൽ പെരുമ്പാവൂർ ഡിവൈഎസ്പി ജി. വേണു, കാലടി സിഐ സജി മാർക്കോസ്, കുറുപ്പംപടി സിഐ മനോജ്, പെരുമ്പാവൂർ സിഐ സി. എസ്. മനോജ്, കാലടി എസ്‌ഐ എൻ.എ. അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

സ്വഭാവദൂഷ്യത്തെത്തുടർന്ന് കപ്യാർ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണം.

മലയാറ്റൂർ തീർഥാടനത്തോടനുബന്ധിച്ചുള്ള നിർമാണ പ്രവർത്തനങ്ങളും ഒരുക്കങ്ങളും വിലയിരുത്താൻ ഫാ. സേവ്യർ തേലക്കാട്ട് മലമുകളിൽ ഉണ്ടെന്ന് അറിഞ്ഞ് വ്യാഴാഴ്ച്ച ഉച്ചക്ക് ബൈക്കിൽ അടിവാരത്ത് എത്തിയ ജോണി മുണ്ടിനുളളിൽ കത്തി ഒളിപ്പിച്ച ശേഷമാണ് മുകളിലേക്ക് കയറിയത് .ആറാം സ്ഥലത്തുവച്ച് മലമുകളിൽ നിന്നും ഇറങ്ങിവരികയായിരുന്ന അഛനുമായി വാക്കുതർക്കമുണ്ടായതിനെത്തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

തുടയിലും കാലിലും കുത്തേറ്റ അഛനെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു