ഫാ.സേവ്യര്‍ തേലക്കാട്ടിന് മലയാറ്റൂരിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി (VIDEO)

 

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാ.സേവ്യര്‍ തേലക്കാട്ടിന് മലയാറ്റൂരിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി.നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ പ്രദേശങ്ങളിലും ആയിരകണക്കിനാളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാനായി മലയാറ്റൂരിലെത്തിയത്.

രാവിലെ പത്തോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ മലയാറ്റൂരിലേക്ക് കൊണ്ടുപോയ മൃതദേഹം ഒരു നോക്കുകാണാന്‍ വഴിയരികിലായി നിരവധിയാളുകളാണ് കാത്തുനിന്നത്. ചിലര്‍ വാഹനം കൈകാണിച്ച് നിര്‍ത്തിച്ചു കൊണ്ടാണ് നോക്കികണ്ടത്.

rector-211.30 ഓടെ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലെത്തിയതോടെ മഹാഇടവകയിലെ വികാരിമാരും കൈക്കാരമാരും വിശ്വാസിസമൂഹവും നിറകണ്ണുകളോടെ അച്ചന്റെ മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് പ്രധാന കവാടത്തിലൂടെ പള്ളിയിലെ അള്‍ത്താരയുടെ മുന്നിലായി മൃതദേഹം വച്ചതോടെ കണ്ടു നിന്നവരുടെ കണ്ഠങ്ങള്‍ തേങ്ങി. ചിലരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. തുടര്‍ന്ന് ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ഥന ചടങ്ങുകളും ഒപ്പീസും നടന്നു. വിവിധ ഫൊറോനകളിലെ വൈദീകരും അച്ചന് പ്രാര്‍ഥനകളര്‍പ്പിക്കാന്‍ എത്തിയിരുന്നു.

വൈകുന്നേരം 6.30 ന് നടന്ന ദിവ്യബലിക്ക് ബിഷപ്പ് മാത്യു വാണിയംകിഴക്കേല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കാഞ്ഞൂര്‍ ഫൊറോന വികാരി റവ.ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് ഫൊറോന വികാരിയുടെയും മലയാറ്റൂര്‍ മഹാഇടവകയിലെ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി വികാരി റവ.ഡോ. ജോണ്‍ തേയ്ക്കാനത്ത്, വിമലഗിരി പള്ളി വികാരി ഫാ.ജോഷി കളപ്പറമ്പത്ത്, സെബിയൂര്‍ പള്ളി വികാരി ഫാ.ബിനീഷ് പൂണോളി, ഇല്ലിത്തോട് പള്ളി വികാരി ഫാ. അഗസ്റ്റിന്‍ മൂഞ്ഞേലി എന്നിവരുടെയും കൈക്കാരന്മാരുടെയും വിവിധ ഇടവകളിലെ വൈദീകരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ വിലാപയാത്രയായി ഈസ്റ്റ് ചേരാനെല്ലൂരിലുള്ള വസന്തിയിലേക്ക് കൊണ്ടു പോയി.

rector-3തുടര്‍ന്ന് പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നാട്ടുകാരുള്‍പ്പടെ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. ശനിയാഴ്ച്ച രാവിലെ പത്തിന് ചേരാനെല്ലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ ദേവലായത്തില്‍ നടക്കുന്ന സംസ്‌ക്കാരശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും.