കാഞ്ഞൂരിൽ പൊതു കിണർ നശിക്കുന്നു

 
കാലടി: കാഞ്ഞൂർ പുതിയേടത്തു വില്ലേജ് ഓഫിസ് വളപ്പിലുള്ള കിണർ സംരക്ഷിക്കാതെ ഉപയോഗശൂന്യമായികിടക്കുന്നു. കടുത്ത വേനൽ കാലത്തുപോലും വറ്റാത്ത കിണറാണിത്. കിണറിൽ മാലിന്യങ്ങൾ നിറഞ്ഞ് കിടക്കുകയാണ്.

രാജഭരണകാലത്തു നിർമിച്ചതാണ് കിണർ. മൂന്ന് സർക്കാർ സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. വില്ലേജ് ഓഫീസ്, മൃഗാശുപത്രി, ആയുർവേദ അശുപത്രി എന്നിവ. കൂടാതെ ഹോമിയോ ഡിസ്‌പെൻസറിയും, കൃഷിഭവനും ഇവിടെക്കാണ് മാറ്റി സ്ഥാപിക്കുന്നതും.അതിനായി കെട്ടിടത്തിന്‍റെ പണികളും പൂർത്തിയായിരിക്കുകയാണ്.

കിണർ സംരക്ഷിക്കുകയാണെങ്കിൽ ഈ സർക്കാർ സ്ഥാപനങ്ങളിലേക്കുളള വെളളം ഈ കിണറിൽ നിന്നും ഉപയോഗിക്കാം. വാട്ടർ അഥോറിറ്റിയിൽ നിന്നുമുളള വെളളമാണ് ഇവിടെ ഇപ്പോൾ ഉപയോഗിക്കുന്നത്. കിണറിന്‍റെ അടിവശം ഇടിഞ്ഞൂപോയിരിക്കുകയാണ്. ചെളിയും സമീപത്തെ മരച്ചില്ലകളിൽ നിന്നുളള ഇലകളും വീണ് കിണറിലെ വെളളം മലിനമായിരിക്കുന്നു.

കിണർ കെട്ടി സംരക്ഷിച്ച് ഉപയോഗ പ്രദമാക്കണമെന്ന് ബിജെപി കാഞ്ഞൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.എൻ. അശോകൻ ആവശ്യപ്പെട്ടു.