റസ്റ്റ് ഹൗസിൽ റസ്റ്റെടുക്കുന്നത് വാഹനങ്ങൾ (VIDEO)

 

കാലടി: കാലടി പിഡബ്ല്‌ള്യുഡി റസ്റ്റ് ഹൗസിൽ പോലീസ് പിടികൂടിയിരിക്കുന്ന വാഹനങ്ങൾ കുന്നുകൂടികിടക്കുന്നു.നൂറിലധികം വാഹനങ്ങളാണ് റസ്റ്റ് ഹൗസിനു ചുറ്റും കിടക്കുന്നത്. മഴയും വെയിലും കാലപ്പഴക്കവും കൊണ്ട് ഇവ തുരുമ്പെടുത്ത് നശിക്കുകയാണ്. റസ്റ്റ് ഹൗസിന്‍റെ പ്രവർത്തനത്തിനും അസൗകര്യം സൃഷ്ടിക്കുന്നു.

വിവിധ കേസുകളിൽ പിടിച്ച വാഹനങ്ങൾ ഒന്നിനു മുകളിൽ മറ്റൊന്നായി കൊണ്ടുവന്നിട്ടിരിക്കുകയാണ്. ഓട്ടോറിക്ഷ മുതൽ ടിപ്പർ വരെ ഇക്കൂട്ടത്തിലുണ്ട്. പല ടിപ്പറുകളിലും പിടിച്ച മണലുമുണ്ട്.പോലീസ് സ്‌റ്റേഷനിൽ വാഹനങ്ങൾ നിറഞ്ഞപ്പോൾ നീലീശ്വരത്തെ ഒഴിഞ്ഞ പറമ്പിൽ വാഹനങ്ങൾ കൊണ്ടുവന്നിട്ടു.അവിടെ വാഹനങ്ങൾ കൂടിയപ്പോഴാണ് ഇവിടെ വാഹനങ്ങൾ ഇടാൻ തുടങ്ങിയത്.

kalady-rest-house-2ശൃംഗേരിയിലും മറ്റും എത്തുന്ന ഇതരസംസ്ഥാനക്കാരായ ഭക്തരും ടൂറിസ്റ്റുകളുമടക്കം നിരവധി പേരാണ് റസ്റ്റ് ഹൗസിൽ മുറിയെടുക്കുന്നത്. നിരവധി യോഗങ്ങളും ഇവിടെ നടക്കാറുണ്ട്. വാഹനങ്ങൾ കിടക്കുന്നതുമൂലം കാടു പിടിച്ചുകിടക്കുകയാണ് ഇവിടം. ഉഗ്ര വിഷമുളള പാമ്പുകളെ വരെ ഇവിടെ താമസിക്കാനെത്തുന്നവർ കണ്ടിട്ടുണ്ട്.

രാത്രിയിലാണ് താമസക്കാർ എത്തുന്നത്.മുറിയിൽനിന്ന് പുറത്തേക്കിറങ്ങാൻ പോലും കഴിയാറില്ല. ജനലുകൾ പോലും തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. ജനലുകൾ തുറന്നിട്ടാൽ ഇഴജന്തുക്കൾ അകത്തേക്കുകയറും. പലപ്പോഴും താമസക്കാരും, ജീവനക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടാകാറുണ്ട്. പലരും വാടക തരാറില്ലെന്ന് ജീവനക്കാർ പറയുന്നു.

സ്‌റ്റേഷൻ സന്ദർശിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർ വാഹനങ്ങൾ നീക്കം ചെയുമെന്ന് പറഞ്ഞിരുന്നതാണ്. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. വാഹനങ്ങൾ ഇടാൻ മറ്റ് സ്ഥലങ്ങൾ ഇല്ലാത്തതിനാലാണ് റസ്റ്റ്  ഹൗസിൽ വാഹനങ്ങൾ ഇട്ടിരിക്കുന്നതെന്ന് കാലടി സിഐ സജി മാർക്കോസ് പറഞ്ഞു.വാഹനങ്ങളുടെ ബാഹുല്യത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും സിഐ പറഞ്ഞു.