മൂക്കന്നൂർ കൂട്ടക്കൊലപാതകം: പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു

 
അങ്കമാലി: മൂക്കന്നൂർ എരപ്പിൽ അച്ഛനെയും അമ്മയെയും മകളെയും വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബാബുവിനെ സ്ഥലത്ത് കൊണ്ടുവന്നു തെളിവെടുത്തു. ഉച്ചയ്ക്ക് 1.15നാണ് ബാബുവിനെ പൊലീസ് കൊണ്ടുവന്നത്. ജനരോഷം ഭയന്ന് സംഭവം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് പൊലീസ് പ്രതിയെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ചത്.

റിമാൻഡിൽ കഴിയുന്ന ബാബുവിനെ കൂടുതൽ അന്വേഷണങ്ങൾക്കായി അങ്കമാലി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലാണ് പൊലീസ് സംഘം എത്തിയത്. തെളിവെടുപ്പിനായി എത്തുന്ന വിവരം നാട്ടുകാർ അറിഞ്ഞിരുന്നില്ല. അതിനാൽ അധികം ആളുകൾ എത്തിയില്ല. അരമണിക്കൂറിനുള്ളിൽ തെളിവെടുപ്പ് നടത്തി പൊലീസ് മടങ്ങുകയും ചെയ്തു.

സംഭവം നടക്കുമ്പോൾ ബാബുവിനോടൊപ്പം ഉണ്ടായിരുന്ന മരംവെട്ടുകാരൻ ശിവനെയും പൊലീസ് തെളിവെടുപ്പിനായി വിളിപ്പിച്ചിരുന്നു. കൂടാതെ കൊല്ലപ്പെട്ട ശിവന്‍റെ സഹോദരൻ ഷാജിയുടെ ഭാര്യ ഉഷയെയും വിളിപ്പിച്ചു. ഉഷയും സംഭവത്തിന് ദൃക്സാക്ഷിയാണ്. തറവാട്ടുവളപ്പിലെ മരംവെട്ടുന്നത് സംബന്ധിച്ച തർക്കത്തെത്തുടർന്നാണ് സഹോദരനെയും മറ്റും വെട്ടികൊന്നതെന്നാണ് പ്രതി മൊഴിനൽകിയിരിക്കുന്നത്. ജ്യേഷ്ഠൻ ശിവന്‍റെ ഭാഗത്ത് നിന്നുംപ്രകോപനമുണ്ടായതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

കൊലപാതകം നടന്ന വീടുകളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. മൂക്കന്നൂർ അക്ഷയകേന്ദ്രത്തിലേക്കും പൊലീസ് തെളിവെടുപ്പിനായി പോയി. ബാബു, സഹോദരൻ ഷിബുവിന്‍റെ ഭാര്യ സേതുലക്ഷ്മിയെ കൊലപ്പെടുത്താനായി മൂക്കന്നൂർ അക്ഷയകേന്ദ്രത്തിലെത്തിയെന്ന വിവരത്തെ തുടർന്നാണ് പൊലീസ് അക്ഷയകേന്ദ്രത്തിൽ എത്തിയത്.

നേരത്തെ ഭാഗമായി കിട്ടിയ മൂന്ന് സെന്‍റിന് പുറമെ അമ്മ ബാബുവിന് നൽകിയ 2.75 സെന്‍റ് സ്ഥലത്തിന്‍റെ വിൽപത്രവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതു പരിശോധിച്ചുവരികയാണ്. ഈ സ്ഥലത്തെ മരം വെട്ടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ മുതൽ തർക്കം നിലനിന്നിരുന്നു.

ഈ മാസം 12ന് വൈകിട്ട് 5.45ന് മൂക്കന്നൂർ എരപ്പ് സെന്‍റ് ജോർജ് കപ്പേളയ്ക്ക് സമീപം അറയ്ക്കൽ വീട്ടിൽ ശിവൻ (62),ശിവന്‍റെ ഭാര്യ വൽസ (58), മൂത്ത മകളും എടലക്കാട് സുരേഷിന്‍റെ ഭാര്യയുമായ സ്മിത (30) എന്നിവരെയാണ് ബാബു വെട്ടികൊലപ്പെടുത്തിയത്.