തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ശ്രീമഹാദേവന്റെ തിരുവുത്സവത്തിനു കൊടിയേറി

 

കാലടി. തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീമഹാദേവന്റെ തിരുവുത്സവത്തിനു കൊടിയേറി. രാവിലെ ബ്രഹ്മകലശാഭിഷേകത്തോടെ ആരംഭിച്ച ചടങ്ങുകള്‍ക്കു ശേഷം വൈകിട്ട് തന്ത്രി കെ.പി.സി. കൃഷ്ണന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ കൊടിയേറ്റി. പഞ്ചാക്ഷരീമന്ത്രജപവുമായി നൂറു കണക്കിനു ഭക്തര്‍ സാക്ഷിയായി.

തിങ്കളാഴ്ച വൈകിട്ട് 7ന് ഡോ. വിനീത മനോജ് അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ഫ്യൂഷനും പോരൂര്‍ ഉണ്ണികൃഷ്ണന്റെ തായമ്പകയും രാത്രി 10ന് നൃത്ത നാടകവും ഉണ്ടാകും. 20ന് വൈകിട്ട് 8.30ന് ആര്‍എല്‍വി വിജയകുമാറിന്റെ വീണ കച്ചേരി. 21ന് രാത്രി 10ന് കഥകളി, കഥ: സമ്പൂര്‍ണ്ണ ദുര്യോധനവധം, ദക്ഷയാഗം.

22ന് ഉച്ചയ്ക്ക് 2ന് മാര്‍ഗി മധു അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, വൈകിട്ട് 6.30ന് തിരുവാതിരകളി, 7ന് ഭക്തിഗാനസുധ. 23ന് വൈകിട്ട് 7ന് തിരുവൈരാണിക്കുളത്തപ്പന്‍ സുവര്‍ണ്ണമുദ്ര പുരസ്‌കാര സമര്‍പ്പണം. വാദ്യ കലാകാരന്‍ കിടങ്ങൂര്‍ വേണുവിന് സുവര്‍ണ്ണമുദ്ര സമര്‍പ്പിക്കും. തുടര്‍ന്ന് നൃത്ത സന്ധ്യയും അരങ്ങേറ്റവും.

24ന് രാത്രി  7ന് മോഹിനിയാട്ടം, 8ന് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ പള്ളിവേട്ട. ആറാട്ടുദിവസമായ 25ന് രാവിലെ 11ന് കഞ്ഞി വീഴ്ത്ത് (പ്രസാദഊട്ട്), വൈകിട്ട് 5ന് ആറാട്ട്ബലി. 6.30നാണ് ആറാട്ട്. 9.30ന് ചോറ്റാനിക്കര വിജയന്‍ മാരാര്‍ നയിക്കുന്ന പഞ്ചവാദ്യത്തോടെ ഉത്സവാഘോഷത്തിനു സമാപനമാകും.

ഉത്സവത്തോടൊപ്പം ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 24ന് സമാപിക്കും. വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ഈറ്റിശേരി കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവരാണ് യജ്ഞാചാര്യന്മാര്‍.