മുടിക്കലിൽ മോഷണശ്രമം

 

പെരുമ്പാവൂർ:മുടിക്കൽ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിന് സമീപം നെല്ലിക്കൽ ജാരിഷിന്റെ വീട്ടിൽ മോഷണ ശ്രമം. ഞായറാഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. വീട്ടിൽ വൈദ്യുതി ഡ്രിപ്പായതിനെ തുടർന്ന് ജാരിഷ് രാത്രി എഴുന്നേൽക്കുകയായിരുന്നു.

പിൻവശത്തെ വാതിലിൽ ചെറുതായി മുട്ടുന്നതു പോലെ കേട്ടപ്പോൾ ശ്രദ്ധിച്ചു. വാതിലിന്റെ അടിഭാഗത്ത് വിരൽ തൊട്ടു നോക്കിയപ്പോൾ മരം തുരക്കുന്ന പൊടി വീഴുന്നത് മനസിലായി. ഉടൻ സി.സി ടി.വി കാമറ ശ്രദ്ധിച്ചപ്പോൾ പുറത്ത് ഒരാൾ വാതിലിനടുത്ത് നിൽക്കുന്നത് കണ്ടു. ഇതോടെ ശബ്ദം കേട്ട് മോഷ്ടാവ് തിരിഞ്ഞ് ഓടി.

പത്ത് മിനിറ്റിനുള്ളിൽ ജാരിഷ് അയൽക്കാരെ വിവരം അറിയിച്ച് ചുറ്റുവട്ടത്ത് അരിച്ചുപെറുക്കിയിട്ടും മോഷ്ടാവിനെ കണ്ടെത്താനായില്ല. കത്തിയും ടൂൾ ബാഗും ഉൾപ്പെടെ ധരിച്ചാണ് മോഷ്ടാവ് എത്തിയിരുന്നത്. ആലുവ – പെരുമ്പാവൂർ റോഡിലേക്ക് എത്തുന്ന വഴിയിലേ എതിർ വശത്ത് പാടത്തേക്കുള്ള ഭാഗത്തേക്കാണ് ഇയാൾ ഓടി മറഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.