ആഢംബര കാറിൽ പ്രദർശന ഓട്ടം നടത്തിയ യുവാക്കളെ കസ്റ്റഡിയിൽ എടുത്തു

 

അങ്കമാലി: തിരക്കേറിയ സമയത്ത് എംസി റോഡിൽ പ്രദർശനഓട്ടം നടത്തുകയും വാഹനങ്ങൾക്ക് മാർഗതടസം ഉണ്ടാക്കുകയും ചെയ്തിന് രണ്ട് യുവാക്കളെ അങ്കമാലി പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവർ ഓടിച്ചിരുന്ന ഫോർഡ് മസ്താങ് കാറും പിടിച്ചെടുത്തിട്ടുണ്ട്. ചാലക്കുടി പുതുശേരി ജിംസൺ, മാമ്പ്ര പറമ്പി എബി എന്നിവരാണ് പൊലിസ് പിടിയിലായത്.

മറ്റൊരു ആഡംബര കാറുമായി ചേർന്ന് അപകടകരമായി പ്രദർശനഓട്ടം നടത്തുകയായിരുന്ന ഇവരെ രാത്രി 8 മണിയോടെ അങ്കമാലിയിൽ എൽഎഫ് ആശുപത്രിക്ക് സമീപം വച്ച് നാട്ടുകാരും കെഎസ്ആർടിസി ദീർഘദൂര ബസിലെ യാത്രക്കാരും ചേർന്ന് തടഞ്ഞു നിർത്തുകയായിരുന്നു. ഇവർക്കൊപ്പം പ്രദർശനഓട്ടം നടത്തിയ മറ്റേ കാർ കടന്നു കളഞ്ഞു.

അപകടകരമായി വാഹനമോടിക്കുകയും കെഎസ്ആർടിസി ബസിന് മാർഗം തടസം ഉണ്ടാക്കുകയും ചെയ്തതിൽ രോഷാകുലരായ നാട്ടുകാരും ബസിലെ യാത്രക്കാരും കാറിൽ ഉണ്ടായിരുന്ന യുവാക്കളുമായി ചെറിയതോതിൽ സംഘർഷമുണ്ടായി. തിരക്കേറിയ സമയത്ത് ടൗണിൽ വൻ വാഹന തടസം ഉണ്ടായതിനെ തുടർന്ന് പൊലിസെത്തി വാഹനം പിടിച്ചെടുക്കുകയായിരുന്നു.

കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനാണ് ഇവർ മാർഗ തടസം സൃഷ്ടിച്ചത്. പെരുമ്പാവൂർ മുതൽ അങ്കമാലി വരെ രണ്ടു കാറുകൾ ചേർന്നാണ് റോഡിൽ പ്രദർശന ഓട്ടം നടത്തിയതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. സ്വകാര്യ ബസ് സമരത്തേത്തുടർന്ന് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.

ഉഗ്ര ശബ്ദമുണ്ടാക്കിയാണ് കാറുകൾ ഓടിച്ചിരുന്നെതെന്ന് യാത്രക്കാർ പറഞ്ഞു. കാറുകളുടെ ശബ്ദവും അപകടരമായ ഡ്രൈവിങ്ങുമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. യുവാൾക്കെതിരെ കെഎസ്ആർടിസി ബസ് ജീവനക്കാർ പൊലിസിൽ പരാതി നൽകി