സിൽവർ ജൂബിലിയുടെ നിറവിൽ സെന്‍റ് ക്ലയർ ബധിര വിദ്യാലയം

 
കാലടി:പരിമിതികളോട് സമരസപ്പെടുകയല്ല പരിധിയില്ലാത്ത ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുകയാണ് മാണിക്കമംഗലം സെന്‍റ് ക്ലയർ ബധിര വിദ്യാലയം. തങ്ങളുടെ ശബ്ദമില്ലാത്ത ലോകത്തിൽ നിന്നുകൊണ്ട്  വലിയ നേട്ടങ്ങൾ ഉച്ചത്തിൽ അറിയിക്കുന്നുണ്ട് ഈ വിദ്യാലയം.സിൽവർ ജൂബിലിയുടെ നിറവിൽ എത്തിനിൽക്കുമ്പോൾ അനുഭവിക്കുന്നത് കൊച്ചു ജീവിതങ്ങളിലേക്ക് ചെറുപുഞ്ചിരികൾ സമ്മാനിക്കാൻ കഴിഞ്ഞതിലെ സംതൃപ്തി. നിശബ്ദമായി ആംഗ്യ ഭാഷകൊണ്ട് തങ്ങളുടെ സാന്നിധ്യത്തെ എല്ലായിടത്തും അനുഭവിപ്പിക്കുന്നുണ്ട് ഇവർ.

def-schoolശ്രവണവൈകല്യമുളള കുട്ടികൾക്കായുളള കേരളത്തിലെ പ്രധാന വിദ്യാലയങ്ങളിൽ ഒന്നാണ്  സെന്‍റ് ക്ലയർ ബധിര വിദ്യാലയം. 1995 ജൂലൈ 15 ന് 11 കുട്ടികളുമായാണ് സ്‌ക്കൂൾ പ്രവർത്തനമാരംഭിച്ചത്. ഇന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 240 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എൽകെജി മുതൽ ഹയർസെക്കന്‍ററി വരെ ക്ലാസുകളുണ്ട്.

ഒരു ചെറിയ മുറിയിലായിരുന്നു സ്‌ക്കൂളിന്‍റെ തുടക്കം. 2005 ൽ സർക്കാർ എയ്ഡഡ് ആക്കി ഉയർത്തി. 2008 ൽ ഹയർ സെക്കന്‍ററിയും ആരംഭിച്ചു. പൊതു വിദ്യാലയങ്ങളിൽ കേഴ്വിശക്തിയുളള കുട്ടികളെ പഠിപ്പിക്കുന്ന എല്ലാവിഷയങ്ങളും പഠിപ്പിച്ച് ഇവരിൽ ഉറങ്ങിക്കിടക്കുന്ന സർഗ വാസനകളെ വികസിപ്പിച്ച് സമൂഹത്തിന്‍റെ മുഖ്യ ധാരയിലേക്ക്  കൊണ്ടുവരികയാണ് സ്‌ക്കൂൾ ലക്ഷ്യമിടുന്നത്.

പഠന നിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌ക്കൂൾ എന്നും മുൻപന്തിയിലാണ്. എസ്എസ്എൽസി പ്ലസ് റ്റു പരീക്ഷകളിൽ തുടർച്ചയായി 15 വർഷവും നൂറുമേനിയാണ്. ബഹു ഭൂരിപക്ഷം കുട്ടികൾക്കും  എ പ്ലസുണ്ട്. 2016 -17 അധ്യായനവർഷത്തിൽ ഹയർ സെക്കന്‍ററി പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് ഇവിടുത്തെ കുട്ടികളായ ഷാരോൺ ചാക്കോക്കും, ജോസഫ് കുര്യനുമാണ്.

defschoolകലാകായിക രംഗത്തും തിളക്കമാർന്ന വിജയമാണ് സ്‌ക്കൂൾ കരസ്ഥമാക്കുന്നത്. ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്ന കൃഷ്ണനുണ്ണി എല്ലാത്തരം വാഹനങ്ങളുമോടിച്ച് ഗിന്നസ് ബുക്കിൽ ഇടം  നേടി. കഴിഞ്ഞവർഷം അമേരിക്കയിലെ വാഷിംഗ്ടണിൽ വച്ചുനടന്ന ബധിര വോളിബോൾ ടൂർണമെന്‍റിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയത് സ്‌ക്കൂളിലെ അഖിൽ വർഗീസും, എം.ഐ. അരുൺ ലാലുമാണ്. ഇത്തവണ ജാര്‍ഖണ്ഡിൽ നടന്ന ബധിര കായിക മേളയിൽ അത്‌ലറ്റിക് വിഭാഗത്തിൽ കേരളത്തിന് ഓവറോൾ ചാംപ്യൻഷിപ്പ് നേടാൻ പ്രധാന പങ്കുവഹിച്ചതും ഇവിടുത്തെ കുട്ടികളാണ്.

സംസ്ഥാന പ്രവർത്തി പരിചയമേളയിൽ തുടർച്ചയായി 5 വർഷവും സ്‌ക്കൂളിനാണ് ഒന്നാം സ്ഥാനം,സംസ്ഥാന കലാമേളയിൽ  കഴിഞ്ഞ 2 വർഷം ഓവറോൾ ചാംപ്യൻഷിപ്പു നേടി 25 പവന്‍റെ സ്വർണ കപ്പ് ലഭിച്ചതും സ്‌ക്കൂളിനാണ്.

പഠ്യേതര വിഷയങ്ങളായ ഡിറ്റിപി, പിഎസ്‌സി കോച്ചിങ്ങ്, ഫാഷൻ ഡിസൈനിങ്ങ്, ടൈലറിങ്ങ് ആന്‍റ് എംബ്രോയിഡറി, റോളർ സ്‌കേറ്റിങ്ങ്, യോഗ തുടങ്ങിയവയും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. 2015 -16 അധ്യയന വർഷത്തിൽ കാലടി ഗ്രാമപഞ്ചായത്തിലെ മികച്ച സ്‌ക്കൂളായി സെന്‍റ് ക്ലയറിനെ തെരഞ്ഞെടുത്തു.

ക്ലോക്ലിയർ ഇംപ്ലാന്‍റ് നടത്തിയ കുട്ടികൾക്കുവേണ്ടിയുളള കേരളത്തിലെ ആദ്യ സ്‌പെഷ്യൽ കോച്ചിങ്ങ് സെന്‍ററും ഇവിടെയുണ്ട്. പ്രിൻസിപ്പൽ സിസ്റ്റർ ഫിൻസിറ്റ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അഭയ എന്നിവരുടെ മേൽ നോട്ടത്തിലാണ് സ്‌ക്കൂൾ പ്രവർത്തിക്കുന്നത്. പരിശീലനം സിദ്ധിച്ച 30 അധ്യാപകരും, 6 അനധ്യാപകർ, 6 സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവരുമുണ്ട്.

def-schoolഒരുവർഷം നീണ്ടുനിന്ന സിൽവർ ജൂബിലി  ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. ആഘോഷങ്ങളുടെ സമാപനം ഞായറാഴ്ച്ച നടക്കും. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും.  മാർ തോമസ് ചക്യേത്ത് അനുഗ്രഹ പ്രഭാഷണം നടത്തും,റോജി എം. ജോൺ എംഎൽഎ കലാ പ്രതിഭകളെ ആദരിക്കും