കാഞ്ഞൂരിൽ കൃഷിഭവന് കെട്ടിടമുണ്ടായിട്ടും ഭീമമായ വാടകകൊടുത്താണ് ഓഫീസ് പ്രവർത്തിക്കുന്നത്‌

 

കാഞ്ഞൂർ:കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ കൃഷിഭവന് പുതിയകെട്ടിടം പണിതെങ്കിലും ഇപ്പോഴും കൃഷിഭവൻ പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ.നേരത്തെ കാഞ്ഞൂർ സർവ്വീസ് സഹകരണബാങ്കിന്റെ കെട്ടിടത്തിലായിരുന്നു.അവിടെ കർഷകർക്കുള്ള വിത്തും, മറ്റുസാധനങ്ങളും സൂക്ഷിച്ചിരുന്ന ഭാഗം മഴയത്ത് ചോർന്നൊലിച്ച് സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

പിന്നീട്‌ പ്രതിമാസം 5,000 രൂപ വാടകയിൽ പഞ്ചായത്ത് ഓഫീസിന് എതിർ വശത്തുളള കെട്ടിടലേക്ക് മാറി.ഈ കെട്ടിടത്തിൽ ഓഫീസിന്റെ പ്രവർത്തനത്തിനും മറ്റും സ്ഥലം പരിമിതിയുണ്ട്.

കൃഷിഭവനായി പുതിയേടത്ത് വില്ലേജാഫീസിന്റെ കോമ്പൗണ്ടിലാണ്‌ 6 സെന്റ് സ്ഥലത്ത് പുതിയ കെട്ടടം പണിതിട്ടുള്ളത്‌.എന്നാൽ ചില തർക്കം മൂലം ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുവാൻ കഴിഞ്ഞില്ല.പുതിയ കെട്ടിടത്തിലാണെങ്കിൽ വിത്തും മറ്റുസാധനങ്ങളും സൂക്ഷിക്കുന്നതിനും,വരുന്നവർക്ക് ഇരിക്കാനും വേണ്ടത്ര സൗകര്യങ്ങളുണ്ട്.

മൂന്ന് മുറികളും ഒരു ഹാളും ഉൾപ്പെടുന്നതാണ് കെട്ടിടം.കഴിഞ്ഞ 15 വർഷത്തിലേറെയായി കെട്ടിടം പണികഴിപ്പിച്ചിട്ട്.അറ്റകുറ്റപണികൾ നടത്താത്തതിനാൽ കെട്ടിടം ശോചനീയാവസ്ഥയിലാണ്. കെട്ടിടത്തിനുചോർച്ച സംഭവിച്ചതുകാരണം മുകളിൽ ഡ്രസ്‌വർക്ക് ചെയ്തിരുന്നു. അതും തുരുമ്പിച്ച് നിലംപതിക്കാറായി.

വർഷം തോറും കെട്ടിടത്തിന്റെ മെയിന്റനൻസിനും മറ്റും നല്ലൊരു തുക പഞ്ചായത്ത് ചിലവാക്കുന്നുണ്ട്. കുടിവെള്ളത്തിനായി കിണറും ഇവിടെയുണ്ട്. ചപ്പും ചവറും വീണ് ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ് കിണർ. പരിസരം കാടുപിടിച്ച് ഇഴജന്തുകളുടെയും കൊതുകുകളുടെയും താവളമായി മാറിയിരിക്കുന്നു.

കിഴക്കുംഭാഗം വില്ലേജാഫീസിനു ചേർന്നാണ് ഈ കെട്ടിടം. ഒരു ഭാഗം പുതിയേടം പാർത്ഥസാരഥി ക്ഷേത്രത്തിന്റെ വശം. ക്ഷേത്രമതിൽ ഇടിഞ്ഞ് വീണ് തുറസായി കിടക്കുന്നു. ചുറ്റുമതിലും ഗെയ്റ്റും നിലവിലുണ്ടെങ്കിലും ഗെയ്റ്റ് തുരുമ്പിച്ച് അടച്ചിടാൻ കഴിയാത്ത അവസ്ഥയിലാണ്.

എല്ലാം ഒരു കുടക്കീഴിൽ എന്ന പോലെ ആയൂർവേദ ഡിസ്‌പെൻസറി, ഹോമിയോ ഡിസ്‌പെൻസറി, മൃഗാശുപത്രി, വില്ലേജ് ഓഫീസും തൊട്ടടുത്ത് പ്രാഥമിക ആരോഗ്യകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. കൃഷിഭവനൻ ഈ പരിസരത്തേക്ക് മാറ്റി ജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്ന് ബി.ജെ.പി. കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.എൻ. അശോകൻ ആവശ്യപ്പെട്ടു.