ചരിത്രം കുറിച്ച് സംസ്‌കൃത സർവ്വകലാശാലയിലെ പെൺകുട്ടികൾ (VIDEO)

കാലടി:സംസ്‌കൃത സർവകലാശാലയൂണിയൻ വനിതകളുടെ കൈകളിൽ. രാജ്യത്ത് ആദ്യമായാണ്‌ ഒരു മിക്സഡ് സർവ്വകലാശാലയിൽ സമ്പൂർണ വനിത യുണിയൻ. സംവരണത്തിന്‍റെ ആനൂകൂല്യത്തിലല്ല, ജനാധിപത്യപരമായി തെരെഞ്ഞടുപ്പിലൂടെ തന്നെ.സർവകലാശാല യൂണിയനിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചവരെല്ലാവരും വനിതകൾ.

മാറുന്ന വിദ്യാർഥി രാഷ്ട്രീയത്തിന്‍റെ മുൻനിരയിൽ വനിതകളുടെ പങ്കാളിത്തത്തെ തിരിച്ചറിഞ്ഞുകൊണ്ടാണ് എസ്എഫ്‌ഐ ഒരു വനിത പാനൽ അവതരിപ്പിച്ചത്. അതിന് പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും പൂർണ പിന്തുണ നൽകി എന്നതാണ് തെരെഞ്ഞെടുപ്പ് വിജയം തെളിയിക്കുന്നത്. ഇത്തരത്തിൽ വിദ്യാർഥി രാഷ്ട്രീയത്തിലും സർവകലാശാലയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലും പുതു ചരിത്രം രചിക്കുകയാണ് എസ്എഫ്ഐ.

ssus-vanitha-2സംസ്കൃത സർവകലാശാല ക്യാംപസ് തെരഞ്ഞെടുപ്പിലും ഈ വർഷം മുഴുവൻ സീറ്റിലേക്കും പെൺകുട്ടികളെയാണ് എസ്എഫ്ഐ മത്സരിപ്പിച്ചിരുന്നത്. എംഫില്‍ വിദ്യാർഥിയായ കെ.എം. അഞ്ചുന (കാലടി മുഖ്യകേന്ദ്രം) ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. എംഎ ഇംഗ്ലീഷ് വിദ്യാർഥി സിമി മട്ടുമ്മൽ ‍(തിരൂർ പ്രാദേശിക കേന്ദ്രം) വൈസ് ചെയപേഴ്സൺ ആയും അമ്പിളി ശിവദാസ് (പയ്യന്നൂർ പ്രാദേശിക കേന്ദ്രം) ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

കാലടി മുഖ്യകേന്ദ്രത്തിൽ എംഎ ഡാന്‍സ് വിദ്യാർഥിയായ കെ.ബി. പാര്‍വതി , മുഖ്യകേന്ദ്രത്തിലെ തന്നെ എംഎസ്സി ജ്യോഗ്രഫി വിദ്യാർഥിയായ എം. ജിജി എന്നിവർ ജോയിന്‍റ് സെക്രട്ടറിമാരായും എംഎസ്സി സൈക്കോളജി വിദ്യാർഥി റമീസാ മജീദ്, ബിഎ മ്യൂസിക് ഒന്നാം വർഷ വിദ്യാർഥിയായ ചിമ്മു ജയകുമാർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരെഞ്ഞടുടുത്തു.

അഞ്ചുന,ചെയര്‍പേഴ്‌സൺ

ഒരു വനിത എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നു. ആശങ്കപ്പെട്ടവരുണ്ടാകാം. ഭാരിച്ച ഉത്തരവാദിത്വം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് പലരും ചോദിക്കുന്നു. ആ വെല്ലുവിളിയെ ഞങ്ങളുടെ പ്രവർത്തനം കൊണ്ട് മറികടക്കും. മാതൃകപരമായി നിറവേറ്റാനാകും എന്ന ആത്മവിശ്വാസമുണ്ട്.

അമ്പിളി,ജനറൽ സെക്രട്ടറി

പെൺകുട്ടികളെ മുൻ നിർത്തി ലിംഗസമത്വം ഇല്ലാതാക്കുകയോ.പുരുഷൻമാരെ എതിർക്കുകയുമല്ല ചെയ്യുന്നത്. എന്നാൽ അവർക്കൊപ്പം നിൽക്കുകയാണ് ചെയ്യുന്നത്. വിദ്യാർഥികൾക്കു വേണ്ടി കഴിവിന്‍റെ പരമാവധി ശ്രമിക്കും.

പാര്‍വതി,ജോയിന്‍റ് സെക്രട്ടറി

ഏറ്റെടുത്തത് വലിയൊരു ഉത്തരവാദിത്വമാണ് എന്ന തികഞ്ഞ ബോധ്യമുണ്ട്. സർവകലാശാലയിലെ ഓരോ വിദ്യാർത്ഥികൾക്കും വേണ്ടി പ്രവർത്തിക്കും. ഇനി ഒരുപാട് കാര്യങ്ങൾ ചെയാൻ പറ്റുമെന്ന ആത്മവിശ്വാസമുണ്ട്. എല്ലാ ക്യാംപസുകളും ഇത് മാതൃകയാക്കുമെന്നു കരുതുന്നു.

ചിമ്മു,എക്സിക്യുട്ടിവ് മെമ്പർ

ഒരു പാട് സന്തോഷം തോന്നുന്നു. ഇതൊരു ചരിത്ര മാറ്റമാണ്. ഇതു വരെ ആരും മുന്നോട്ടുവക്കാത്ത മാതൃകയാണിത്. സർവ്വകലാശാലയിൽ എല്ലാവർക്കും അഭിമാനിക്കാവുന്ന ഒന്നാണിത്.

റമീസാ,എക്സിക്യുട്ടിവ് മെമ്പർ

വാക്കുകളല്ല പ്രവർത്തിയാണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കായിരിക്കും ഞങ്ങളുടെ പ്രയാണം.