ഒരു നാടുണരുന്നു, അരങ്ങും….

 

കേരളത്തെ ഇന്നത്തെ കേരളമാക്കിയതിൽ നാടകത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. അങ്ങനെയെങ്കിൽ മലയാള നാടകത്തെ മുന്നോട്ട് നയിച്ചതിൽ ശ്രീമൂലനഗരത്തിന്‍റെയും കാഞ്ഞൂരിന്‍റെയും സംഭാവനകളുണ്ട്.നാടക കലാകാരന്‍മാരുടെ ഈറ്റില്ലമാണ് ശ്രീമൂലനഗരം കാഞ്ഞൂര്‍ പ്രദേശം. ശ്രീമൂലനഗരം വിജയനും, ശ്രീമൂലനഗരം മോഹനനും അടിത്തറ പാകിയ ഒരു നാടകസംസ്കാരത്തിന്‍റെ വിള ഭൂമിയായ മണ്ണ്.

ഫാസ്, കാസ്, ടാസ്, തരംഗിണി, ജനശക്തി തുടങ്ങിയ കലാസാംസ്കാരിക സമിതികളിലൂടെ ഒരുവര്‍ഷം 40 ഓളം നാടകങ്ങള്‍ക്ക് ഇവിടെ അരങ്ങൊരുങ്ങിയിരുന്നു. ആ പ്രതാപകാലം ഇടയ്ക്കൊന്നു ഊര്‍ദ്ധശ്വാസം വലിച്ച നാടക പ്രസ്ഥാനം ഒരുതിരിച്ചുവരവിന്‍റെ പാതയിലാണ്. അതിന്‍റെ കൂടെച്ചേരുകയാണ് കാഞ്ഞൂരിലെ പ്രാദേശിക നാടക സമിതിയായ നന്മ തിയറ്റേഴ്സ്.

കഴിഞ്ഞ 5 നാടകസീസണുകളിലായി 4 നാടകങ്ങള്‍ ഇവര്‍ തട്ടിലേറ്റി. റിട്ടയര്‍ ചെയ്ത പ്രൊഫഷണല്‍ നാടക കലാകാരന്‍മാരും, അമച്വര്‍ രംഗത്തേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്നവരുമായ പ്രതിഭകളുടെ കൂട്ടായ്മയാണിത്. ഒരുകാലഘട്ടത്തിലെ പ്രൊഫഷണല്‍ നാടകരംഗത്തെ പ്രഗത്ഭകലാകാരന്‍മാരായ ജയിംസ് പാറയ്ക്ക, കാഞ്ഞൂര്‍ മത്തായി, കാഞ്ഞൂര്‍ പരമേശ്വരന്‍ എന്നിവരും കാലടി സുരേഷ്, തോമസ്, വിക്രമന്‍, സതീശന്‍, പോള്‍ പെട്ട, സുനില്‍, സെലസ്റ്റിന്‍, ജാനറ്റ് എന്നിവരും ട്രൂപ്പില്‍ അണിനിരക്കുന്നു. നാടകം ഇവര്‍ക്ക് ജീവവായു പോലെയാണ്.

ജയിംസ് പാറയ്ക്കയുടെ വീട്ടില്‍ സ്ഥിരമായി ഒരുക്കിയിട്ടുള്ള തട്ടിലാണ് റിഹേഴ്സല്‍. പലരും ജോലിക്കുപോകുന്നവരാണ്. വൈകുന്നേരങ്ങളും, ഒഴിവു സമയങ്ങളും ഇവര്‍ നാടകത്തിനയി മാറ്റിവക്കും. നാടിന് ആവശ്യമായ കാര്യങ്ങള്‍ നാടകത്തിലൂടെ അവതരിപ്പിക്കുകയാണ് ഇവര്‍. ഒരു നാടകത്തിന് അമ്പതിനായിരത്തോളം രൂപയാണ് ചെലവ് വരുന്നത്. ഇത് എല്ലാവരും ചേര്‍ന്ന് വീതിച്ചെടുക്കും.

ഈ പ്രദേശത്തെ മുക്കിലും മൂലയിലും ഉള്ള ഉത്സവങ്ങളിലും പെരുന്നാളുകളിലും, ക്ലബ്ബ് വാര്‍ഷികങ്ങളിലും നാടകം കളിക്കും. ചെലവ്കാശ് മാത്രം കൊടുത്താല്‍മതി. ഒരുവര്‍ഷം 30 സ്റ്റേജ്. അത്രയും ലഭിച്ചാൽ തന്നെ ഇവർക്ക് സംതൃപ്തിയായി. അമ്മ പറഞ്ഞ കഥ, ഒരു നിമിഷം, നേര്‍ക്കാഴ്ച്ചകള്‍ക്കപ്പുറം, തിരിച്ചറിഞ്ഞ സ്നേഹം എന്നിവയാണ് നന്മ പുറത്തിറക്കിയ നാടകങ്ങള്‍. പുതിയ നാടകം അവകാശികള്‍ ജയിംസ് പാറയ്ക്ക എഴുതികൊണ്ടിരിക്കുന്നു