വിശ്വാസപരിശീലനത്തിനു പ്രായോഗിക പാഠങ്ങളൊരുക്കി വിദ്യാര്‍ഥികള്‍

 

കാഞ്ഞൂര്‍: പഴയ പത്രങ്ങള്‍ ശേഖരിക്കുന്നതിനു വീടുകള്‍തോറും കയറിയിറങ്ങാന്‍ ആദ്യം അവര്‍ക്കു തെല്ലു മടിയുണ്ടായിരുന്നു. ശേഷം പത്രങ്ങള്‍ വിറ്റുകിട്ടിയ പണവും സമ്മാനങ്ങളുമായി നിരാലംബരായ കുഞ്ഞുങ്ങളെ കാണാനും അവര്‍ക്കൊപ്പം ഏറെ നേരം ചെലവഴിക്കാനുമായപ്പോള്‍ വിശ്വാസജീവിതത്തിന്റെ പ്രായോഗികപാഠങ്ങള്‍ അനുഭവിക്കാനായതിന്റെ ആഹ്ലാദം.

എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ആവിഷ്‌കരിച്ച സോഷ്യല്‍ ഔട്ട്‌റീച്ച് പരിപാടിയുടെ ഭാഗമായി, കാഞ്ഞൂര്‍ കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയിയില്‍ വിശ്വാസപരിശീലനം നടത്തുന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികളാണു പഠനത്തിനു പ്രായോഗികതയുടെ പുതുഭാഷ കുറിച്ചത്.

പെരുമ്പാവൂര്‍ പുല്ലുവഴിയിലുള്ള സ്‌നേഹജ്യോതി ഗേള്‍സ് ഹോമിലേക്കാണു വിദ്യാര്‍ഥികള്‍ കാരുണ്യയാത്ര സംഘടിപ്പിച്ചത്. സ്‌നേഹജ്യോതിയിലെ നിരാലംബരായ കൂട്ടുകാരെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള മാര്‍ഗം തേടിയപ്പോള്‍, അതിനായി വീടുകളില്‍ നിന്നു പത്രങ്ങള്‍ ശേഖരിക്കാമെന്നു വിദ്യാര്‍ഥികള്‍ തന്നെയാണു തീരുമാനിച്ചത്.

ഓരോ വീട്ടുകാരും വിദ്യാര്‍ഥികളുടെ കാരുണ്യമനോഭാവത്തിനു പൂര്‍ണ പിന്തുണ നല്‍കി. പത്രങ്ങള്‍ക്കൊപ്പം ചിലര്‍ പണവും പദ്ധതിയിലേക്കു നല്‍കി. പള്ളിയില്‍ ശേഖരിച്ച പത്രക്കെട്ടുകള്‍ വിദ്യാര്‍ഥികള്‍ തന്നെ വില്‍പന നടത്തി പണമാക്കി. വികാരി ഫാ. സെബാസ്റ്റ്യന്‍ പൈനാടത്തും മതാധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്കു പൂര്‍ണ പിന്തുണ നല്‍കി.

അധ്യാപകനൊപ്പം സ്‌നേഹജ്യോതി സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ഥികളെ ഡയറക്ടര്‍ സിസ്റ്റര്‍ ജിസയുടെ നേതൃത്വത്തില്‍ അന്തേവാസികള്‍ സ്വീകരിച്ചു. കുരുന്നുകള്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ച വിദ്യാര്‍ഥികള്‍, അവരുടെ നിരാലംബ ജീവിതങ്ങളെ അടുത്തറിയാന്‍ ശ്രമിച്ചു. അവര്‍ക്കൊപ്പം കളിക്കാനും പാട്ടുകള്‍ പാടാനും അറിവുകളും ആഹ്ലാദവും പങ്കുവയ്ക്കാനും വിദ്യാര്‍ഥികള്‍ സമയം കണ്ടെത്തി. തങ്ങള്‍ സമാഹരിച്ച പണം സിസ്റ്റര്‍ ജിസയ്ക്കു വിദ്യാര്‍ഥികള്‍ കൈമാറി.

ആന്റണി സെബി, ജോള്‍ബിന്‍ ജോസ്, കെവിന്‍ ഡേവിസ്, കെ.ജെ. ജോസ്മി, ആന്‍മരിയ സജി, അനീറ്റ പോളി, ഡോണ ഡേവിസ്, ജോമിന്‍ ജോര്‍ജ്, ലിജോ ജോണി എന്നീ വിദ്യാര്‍ഥികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. തങ്ങളുടെ വിശ്വാസജീവിതത്തില്‍ മറക്കാനാവാത്ത അനുഭവപാഠങ്ങളാണു സ്‌നേഹജ്യോതിയിലെ സന്ദര്‍ശനം സമ്മാനിച്ചതെന്ന് അവര്‍ പറഞ്ഞു.

വിശ്വാസ പരിശീലന വിദ്യാര്‍ഥികളുടെ സാന്നിധ്യവും പിന്തുണയും സ്‌നേഹജ്യോതിയിലെ കുട്ടികള്‍ക്കു വലിയ ആഹ്ലാദവും പ്രചോദനവുമാണെന്നു ഡയറക്ടര്‍ സിസ്റ്റര്‍ ജിസ പറഞ്ഞു. വിശ്വാസ പരിശീലനത്തിനൊപ്പം സാമൂഹ്യ അവബോധവും കാരുണ്യ മനോഭാവവും വളര്‍ത്തിയെടുക്കുന്നതിനാണ് അതിരൂപതാതലത്തില്‍ സോഷ്യല്‍ ഔട്ട്‌റീച്ച് പരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്.