കാലടി സമാന്തരപാലം സ്ഥലം അളന്നു തിരിക്കൽ ഫെബ്രുവരിയിൽ : ഇന്നസെന്‍റ്

 
കാലടി : കാലടി സമാന്തരപാലത്തിനും അപ്രോച്ച് റോഡിനും ബൈപാസിനുമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട് തിരിക്കുന്ന നടപടികൾ ഫെബ്രുവരി രണ്ടാം വാരത്തോടെ ആരംഭിക്കുമെന്ന് ഇന്നസെന്‍റ് എം.പി അറിയിച്ചു. എം.പി വിളിച്ചു ചേർത്ത പൊതുമരാമത്ത് വകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായി.

പാലത്തിന്‍റെ രൂപകൽപ്പനയും അലൈൻമെന്റുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന ജോലികൾ ഈ മാസത്തോടെ പൂർത്തിയാക്കും. അതിന് ശേഷം ഒട്ടും കാലതാമസമില്ലാതെ സ്ഥലം അളന്ന് തിരിക്കാനാണ് തീരുമാനം.

മറ്റൂർ എയർപോർട്ട് റോഡിൽ നിന്നാരംഭിച്ച് കാലടി സാമൂഹ്യാരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫീസ്, കാലടി പള്ളി എന്നിവയുടെ പടിഞ്ഞാറ് ഭാഗം ചേർന്ന് പോകുന്ന ബൈപാസിന്‍റെ ഡിസൈൻ സംബന്ധിച്ച ചില നടപടികൾ മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇത് കഴിഞ്ഞാലുടനെ തന്നെ സ്ഥലം അളന്ന് തിരിക്കുമെന്ന് എം.പി അറിയിച്ചു.

അങ്കമാലിയിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ടി.കെ ബൽദേവ്, എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ എം.ടി.ഷാബു, എൻ.എ റെജീനാ ബീവി തുടങ്ങിയവർ പങ്കെടുത്തു.