കാലടിക്ക് ഉണർവ്വേകി പുത്തൻകാവ് മകരച്ചൊവ്വ

 
കാലടി : കാലടി പുത്തൻകാവ് ഭദ്രകാളി ക്ഷേത്രത്തിൽ മകരച്ചൊവ്വ ആഘോഷിച്ചു. ഭക്തർ രാവിലെ പൊങ്കാലയിട്ടു. അഞ്ഞൂറിലേറെ പൊങ്കാലഅടുപ്പുകൾ ക്ഷേത്രപരിസരത്ത് സജ്ജീകരിച്ചിരുന്നു. മേൽശാന്തി ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി പൊങ്കാലഅടുപ്പുകളിൽ തീർഥം പകർന്നതോടെ പൊങ്കാല പൂർത്തിയായി. ഈ സമയം ക്ഷേത്ര നടയിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംഗീതവിഭാഗം വിദ്യാർഥികൾ സംഗീതാരാധന നടത്തി.

തുടർന്ന്, ക്ഷേത്രസന്നിധിയിൽ 21 അമ്മമാർക്ക് ചികിത്‌സാസഹായമായും 10 വിദ്യാർഥികൾക്ക് പഠന സഹായമായും 1500 രൂപവീതം നൽകി. ഉത്‌സവാഘോഷസമിതിയുടെ ചെലവിൽ യുവതിയുടെ വിവാഹവും നടത്തി. മറ്റൂർ മാടശേരി വീട്ടിൽ സത്യന്റേയും ലീലാമ്മയുടേയും മകൾ സനിതയും കൊച്ചുകടവ് കോര്യേലിത്തറ വീട്ടിൽ ശിവന്റേയും വത്‌സലയുടേയും മകൻ ദാസനും തമ്മിലായിരുന്നു വിവാഹം.

puttankave-templeബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച ആദിഷ് പ്രവീൺ, റോജി.എം.ജോൺ എം.എൽ.എ. എന്നിവർ ആശംസയർപ്പിച്ചു. വിവാഹച്ചടങ്ങുകൾക്ക് ക്ഷേത്രം മാനേജിങ് ട്രസ്റ്റി കാപ്പിള്ളി ശ്രീകുമാർ നമ്പൂതിരി, ആഘോഷസമിതി പ്രസിഡന്റ് ഇ.ആർ.പ്രസാദ്, സെക്രട്ടറി എൻ.സുധേഷ്, മൃതസഞ്ജീവനി ട്രസ്റ്റ് കൺവീനർമാരായ എ.കെ.വിജയകുമാർ, കെ.ടി.രതീഷ്, സലീഷ് ചെമ്മണ്ടൂർ എന്നിവരും മാതൃസമിതിയംഗങ്ങളും നേതൃത്വം നൽകി.

തുടർന്ന് പതിനായിരങ്ങൾ പങ്കെടുത്ത മകരയൂട്ട് നടന്നു. മകരയൂട്ട് കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം അധ്യക്ഷൻ ശ്രീവിദ്യാനന്ദ ഉദ്ഘാടനം ചെയ്തു. വൈകിട്ട് കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര ആരംഭിച്ചു. കാലടി ബസ്സ്റ്റാൻഡ് പരിസരത്തുനിന്നും കനാൽബണ്ട് റോഡുവഴി ക്ഷേത്രം വരെ നിരത്തിയ 2017 കതിനയുടെ വെടിവഴിപാടും ഗാനമേളയും ഉണ്ടായിരുന്നു.