മതസൗഹാർദ്ദ പെരുമയുമായി തിരുവൈരാണിക്കുളം

 

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ദർശനോത്സവത്തിന്റെ അവസാനദിനം മതസൗഹാർദ സന്ദേശവുമായി വിവിധ മതപൗരോഹിത്യസംഘം ക്ഷേത്രത്തിൽ എത്തി. കാഞ്ഞൂർ ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പൊട്ടയ്ക്കൽ, വെള്ളാരപ്പിള്ളി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോൺ പൊള്ളച്ചിറ, വെള്ളാരപ്പിള്ളി മസ്ജിദ് നൂർ മദ്രസ ഇമാം അബ്ദുൾ സത്താർ അംജദി, കാഞ്ഞൂർ തിരുനാൾ ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ജോയ് പുതുശേരി, ട്രസ്റ്റിമാരായ ജോയ് ഇടശേരി, ഡേവിസ് വരേക്കുളം എന്നിവരാണ് ഉത്സവാഘോഷത്തിന്റെ സന്തോഷം പങ്കുവയ്ക്കാൻ എത്തിയത്.

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും അംഗങ്ങളും ചേർന്ന് ഇവരെ സ്വീകരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി പിജി സുധാകരൻ, വൈസ് പ്രസിഡന്റ് എൻ. ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ മാടവന എന്നിവരുമായി ഉത്സവത്തിന്റെ നടത്തിപ്പു സംബന്ധിച്ചു സംഘം ചർച്ച നടത്തി.

പുരോഹിത സംഘത്തിനു ക്ഷേത്ര ഭാരവാഹികൾ പ്രസാദം നൽകി. കാഞ്ഞൂർ തിരുനാളിന് എത്തിച്ചേരുന്നതിനു വേണ്ടിയുള്ള ക്ഷണക്കത്ത് പുരോഹിത സംഘം ട്രസ്റ്റ് ഭാരവാഹികൾക്കു കൈമാറി. മതസൗഹാർദത്തിന്റെ മാതൃകയായി തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തിനു എല്ലാവർഷവും പൗരോഹിത്യ സംഘം സന്ദർശനം നടത്താറുണ്ട്. ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ കാഞ്ഞൂർ പള്ളി തിരുനാളിനു ആശംസകളുമായി പള്ളിയിലും സന്ദർശനം നടത്താറുണ്ട്.