തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടതുറപ്പ് ഉത്സവം സമാപിച്ചു

 

കാലടി. ഭർക്തിനിർഭരമായ നിമിഷങ്ങൾ സാക്ഷിയാക്കി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീ പാർവ്വതീദേവിയുടെ തിരുനടയടച്ചു. നിറഞ്ഞൊഴുകുന്ന മിഴികളും ദുഖാർദ്രമായ മുഖങ്ങളുമായാണ് ഭക്തർ ദേവിയോടു വിടവാങ്ങിയത്. രാത്രി ഏഴുമണിയോടെ ദർശനത്തിനു ശേഷം നാലമ്പലത്തിൽ നിന്നു ഭക്തർ ഒഴിഞ്ഞിരുന്നു. നട അടയ്ക്കുന്നതിനുള്ള പ്രത്യേക ആചാരങ്ങൾ കാണാൻ പ്രാർത്ഥനകളുമായി നാലമ്പലത്തിനു പുറത്ത് നൂറുകണക്കിനു ജനങ്ങൾ തിങ്ങി നിറഞ്ഞു.

പരശതം കണ്ഠങ്ങളിൽ നിന്നുയർന്ന ‘അമ്മേ നാരായണ’ മന്ത്രഘോഷമായിരുന്നു അന്തരീക്ഷമാകെ. ഒരു നിമിഷം പാട്ടുപുരയിൽ നിന്ന് തളികയിലെ താളത്തോടൊപ്പം ബ്രാഹ്മണിപ്പാട്ടുയർന്നു. പിന്നാലെ പാട്ടുപുരയുടെ വാതിലിലൂടെ തിരുവുടയാടയും വാൽക്കണ്ണാടിയും താലത്തിലേന്തി തൂക്കുവിളക്കിന്റെ അകമ്പടിയോടെ ബ്രാഹ്മണിയമ്മ ഇറങ്ങിവന്നു. ശ്രീപാർവ്വതീദേവിയെ, തോഴി പുഷ്പിണി ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കുകയാണ്.

എഴുന്നള്ളത്ത് നടയ്ക്കലെത്തിയ ഉടനെ തളികയും വിളക്കും ശ്രീകോവിലിൽ സമർപ്പിച്ചു. അതോടെ ദേവിയെ ശ്രീകോവിലിലേക്ക് ആവാഹിക്കുന്ന ചടങ്ങു കഴിഞ്ഞു. നട അടയ്ക്കൽ ചടങ്ങിനായി ക്ഷേത്ര ഊരാണ്മക്കാരായ അകവൂർ, വെടിയൂർ, മെൺമണി മനകളുടെ പ്രതിനിധികളും സമുദായ തിരുമേനി ചെറുമുക്ക് വൈദികൻ വാസുദേവൻ അക്കിത്തിരിപ്പാടും ശ്രീപാർവ്വതിദേവിയുടെ തോഴി പുഷ്പ്പിണി യായി സങ്കൽപ്പിക്കപ്പെടുന്ന അല്ലിമംഗലത്ത് പുഷ്പകത്ത് തങ്കമണി ബ്രാഹ്മണിയമ്മയും ക്ഷേത്ര ഭരണസമിതി അംഗങ്ങളും സന്നിഹിതരായി.

സമുദായ തിരുമേനി മനയ്ക്കൽ മൂന്നേടത്തു നിന്നും തൃക്കൺ പാർക്കാൻ എത്തിയിട്ടുണ്ടോ എന്നു പുഷ്പിണി മൂന്നു തവണ വിളിച്ചു ചോല്ലി. ഉവ്വ് എന്നു സമുദായ തിരുമേനി മറുപടി നൽകി. തുർന്നു നട അടയ്ക്കട്ടേ എന്ന ചോദ്യത്തിന് അടച്ചാലും എന്നു സമ്മതം ലഭിച്ച ഉടനെ പുഷ്പിണി മേൽശാന്തിയോടു നട അടച്ചാലും എന്ന് മൂന്നു വട്ടം ആവശ്യപ്പെട്ടു. ആർപ്പുവിളികളുകളുടെയും കുരവകളുടെയും അലയൊലിയോടെ ശ്രീപാർവ്വതീദേവിയെ ധ്യാനനിദ്രയിൽ ഇരുത്തി തിരുനട അടയ്ക്കപ്പെട്ടു.

ദേവീ ദർശനത്തിനായി ഇനി അടുത്ത ധനു മാസത്തിലെ തിരുവാതിര നാളുവരെ വഴിപാടും പ്രാർത്ഥനകളുമായി ഭക്തർ കാത്തിരിക്കണം. 2018 ഡിസംബർ 22 മുതൽ 2019 ജനുവരി 2 വരെയാണ് അടുത്ത നടതുറപ്പ് മഹോത്സവം.