വീട്ടമ്മയെ ആക്രമിച്ച് ഒന്നരവയസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച അസം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി

 

നെടുമ്പാശ്ശേരി : പട്ടാപ്പകൽ വീട്ടില്‍ കയറി വീട്ടമ്മയെ ആക്രമിച്ച് ഒന്നരവയസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച അസം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി മാണിയംകുളത്ത് സാബു-നീന ദമ്പതികളുടെ ഒന്നര വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയ അസം ദോയാല്‍പൂര്‍ സ്വദേശി ലോഹിറാം നാക്കാണ് (42) പിടിയിലായത്.

നെടുമ്പാശ്ശേരി പഞ്ചായത്തിലെ പൊയ്ക്കാട്ടുശ്ശേരി മാണിയംകുളം ഭാഗത്തായിരുന്നു സംഭവം. കുട്ടിയുടെ പിതാവായ സാബുവും അമ്മ നീനയും ജോലിക്ക് പോയിരിക്കുകയായിരുന്നു. ഈ സമയം നീനുവിന്‍റെ അമ്മ ബീന മാത്രമാണ് കുഞ്ഞിനോടൊപ്പം ഉണ്ടായിരുന്നത്.

വീടിന്‍റെ മുന്‍വശത്തെത്തിയ അക്രമി ഗേറ്റില്‍ അടിച്ച് ബഹളമുണ്ടാക്കി. പിന്നീട് ഇയാൾ വീടിന്‍റെ മുന്‍വശത്തെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയശേഷം അടുക്കള ഭാഗത്തെത്തി. അക്രമിയെ കണ്ട ബീന വാതിലടച്ച് അകത്ത് നിന്ന് പൂട്ടിയെങ്കിലും കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് ഇയാൾ വീടിനകത്ത് കയറുകയായിരുന്നു.

ഈ സമയം ബീനയുടെ കൈലിരിക്കുകയായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങാന്‍ അക്രമി ശ്രമിക്കുകയും എതിര്‍ത്ത ബീനയെ ആക്രമിക്കുകയും ചെയ്തു. കുഞ്ഞിനെ കിട്ടാതെ വന്നതോടെ അടുക്കളയിലെ പാത്രങ്ങളും, വാതിലും നശിപ്പിച്ചു. ഇതിനിടയിൽ ബീന കുഞ്ഞിനെയും എടുത്ത് ഒച്ച വച്ച് അയൽ വീട്ടിലേക്ക് ഓടുകയായിരുന്നു. ബീനയുടെ സഹോദരന്‍ പൗലോസും, അയല്‍വാസികളും സംഭവമറിഞ്ഞ് ഉടൻ വീട്ടിലെത്തി.

അടുക്കളയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ സാഹസികമായാണ് കീഴ്പ്പെടുത്തി പൊലിസിന് കൈമാറി. ചെങ്ങമനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.കെ.സുധീറിന്‍റെ നേതൃത്വത്തില്‍ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പോക്കറ്റില്‍ നിന്ന് പാന്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, അസം പൊലീസ് റിപ്പോര്‍ട്ട് എന്നിവ അടങ്ങിയ പഴ്സും കിട്ടിയിട്ടുണ്ട്.

കൂട്ടത്തിൽ ലഭിച്ച പ്രതിയുടെ ചിത്രത്തിനൊപ്പം ഒരു പെണ്‍കുഞ്ഞിന്‍റെ ചിത്രവുമുണ്ട്. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പ്രതി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങളിലെ കണ്ണിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.