ഇല്ലിത്തോടിൽ പേപ്പട്ടി ശല്ല്യം രൂക്ഷമാകുന്നു

 

കാലടി:മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്തിലെ  ഇല്ലിത്തോടിൽ പേപ്പട്ടി ശല്ല്യം രൂക്ഷമാകുന്നു.കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ ജോലിക്കുപോയവരെ നായ കടിച്ചിരുന്നു.എന്നാൽ അത് ആരും കാര്യമാക്കിയെടുത്തില്ല.

രണ്ടാഴ്ച്ച മുമ്പ് മാർട്ടേരിക്കുടി വീട്ടിൽ ബിജുവിന്റെ പശുവിനെ നായ കടിച്ചു.മൃഗാശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷകൾ ചെയ്തിരുന്നു.ബുധനാഴ്ച്ച രാവിലെ പശു പേയുടെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി.തുടർന്ന് പഞ്ചായത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിച്ചു.കളക്ടറുടെ നിർദേശപ്രകാരം പശുവിനെ വെടിവച്ചു കൊന്നു.ഏഴ് മാസം ഗർഭിണിയായ പശുവായിരുന്നു.

പ്രദേശത്ത് പേപ്പട്ടി ഇറങ്ങിയതിൽ ആശങ്കയിലാണ് നാട്ടുകാർ.ഒന്നിലതികം പേപ്പട്ടികൾ ഉണ്ടെന്നാണ് കരുതുന്നത്.വനത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത്.പലരും അതിരാവിലെയാണ് ജോലിക്കുപോകുന്നതും.പുറകിലൂടെ വന്നാണ് നായ കടിക്കുന്നത്.അതിനാൽ ഓടി രക്ഷപ്പെടാനും കഴിയാറില്ല.

സാമൂഹ്യവിരുദ്ധർ രാത്രി കാലങ്ങളിൽ മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നതും ഇവിടെയാണ്.ഇത് നായ ശല്ല്യം വർദ്ധിക്കാൻ കാരണമായതായി നാട്ടുകാർ പറയുന്നു.രാത്രികാലങ്ങളിൽ വരുന്ന വാഹനങ്ങൾ ചെക്ക്‌പോസ്റ്റിൽ കർശന പരിശോധന നടത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനിമോൾ ബേബി പറഞ്ഞു.