പരിസര ശുചിത്വത്തിന്റെ പുതിയ പാഠവുമായ് വിദ്യാർത്ഥികൾ

 

കാലടി: തിരുവൈരാണിക്കുളത്ത് ദേവീ ദര്‍ശനത്തിനൊപ്പം പരിസര ശുചിത്വത്തിന്‍റെ പുതിയ പാഠവുമായ് എത്തുകയാണ് ഒരു പറ്റം വിദ്യാർഥികൾ. ക്ഷേത്ര ട്രസ്റ്റിന്‍റെ ശുചിത്വ പരിപാലന പദ്ധതിയുടെ ഭാഗമായി അങ്കമാലി എസ് സി എംഎസ് കോളജിലെ മുന്നൂറോളം വരുന്ന വിദ്യാര്‍ഥികളാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ ശുചിത്വ പരിപാലന പദ്ധതിക്കു വേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.

നടതുറപ്പ് ഉത്സവാഘോഷത്തിന് ജില്ലാ കലക്റ്റർ ഏര്‍പ്പെടുത്തിയ ഗ്രീന്‍പ്രോട്ടോക്കോള്‍ വീഴ്ച കൂടാതെ പ്രാവര്‍ത്തികമാക്കുകയെന്ന വലിയ ദൗത്യമാണ് വിദ്യാര്‍ഥികള്‍ ഏറ്റെടുത്തിട്ടുള്ളത്. നടതുറപ്പു മുതലുള്ള ദര്‍ശനോത്സവത്തിന്‍റെ ഓരോ ദിനവും കണ്ണിമചിമ്മാതെ ആ കര്‍മ്മം നിര്‍വഹിക്കുന്നുണ്ടിവര്‍. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റും ശ്രീമൂലനഗരം പഞ്ചായത്തും ചേര്‍ന്നു നടപ്പാക്കുന്ന ‘നാടിനൊപ്പം നന്മയ്‌ക്കൊപ്പം’ ശുചിത്വ പരിപാലന യജ്ഞത്തിന്‍റെ പ്രചാരകരായാണ് എസ് സിഎംഎസ് കോളജ് എന്‍എസ്എസ് യൂണിറ്റിലെ വൊളന്‍റിയര്‍ പ്രവര്‍ത്തിക്കുന്നത്.

thirunarauanapuram-temple-students-2മൂന്നൂറോളം വരുന്ന വിദ്യാര്‍ഥികളെ 50 പേര്‍ വീതമുള്ള ഗ്രൂപ്പുകളായി തിരിച്ച് രാത്രിയും പകലും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ചുമതല നിര്‍വഹിക്കുന്നത്. മൂന്നു വിഭാഗങ്ങളിലായാണ് വിദ്യാര്‍ഥികളുടെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ക്ഷേത്രത്തിലേക്കു തീര്‍ത്ഥാടകരെയും കൊണ്ടു വരുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ച് ശുചിത്വ ബോധവല്‍ക്കരണവും ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.

പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ നിര്‍ത്തിയിടുന്ന വലിയ വാഹനങ്ങളില്‍ പ്രവേശിച്ച് ചുരുങ്ങിയ വാക്കുകളില്‍ വിവരങ്ങള്‍ ധരിപ്പിക്കുന്നതാണ് രീതി. ഇപ്രകാരമുള്ള പ്രചാരണത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. തീർഥാടകര്‍ കൊണ്ടുവന്ന പ്ലാസ്റ്റിക് ബാഗുകളും മറ്റും ബസില്‍ നിന്നു പുറത്തിറക്കാതെ സഹകരിക്കുന്നുണ്ട്.

ദര്‍ശനത്തിനു കാത്തുനില്‍ക്കുന്ന നടപ്പന്തലുകളില്‍ ആവശ്യത്തിനു കുടിവെള്ളമെത്തിക്കുന്നതും വിദ്യാര്‍ഥികളാണ്. ഭക്തര്‍ പ്ലാസ്റ്റിക് ബോട്ടിലുകളില്‍ കൊണ്ടുവരുന്ന വെള്ളം ഉപയോഗിക്കാതിരിക്കാന്‍ ഇതുപകരിക്കും. കച്ചവട സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥി വിജിലന്‍സ് സംഘങ്ങള്‍ ദൈനംദിനം പരിശോധന നടത്തുന്നുണ്ട്. നിയമലംഘനങ്ങള്‍ കണ്ണില്‍പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുകയും നടപടിയെടുത്തെന്ന് ഉറപ്പാക്കുകയും ചെയ്യും. നാടിനൊപ്പം നന്മയ്‌ക്കൊപ്പം’ യൂണിഫോം അണിഞ്ഞ വിദ്യാര്‍ഥികള്‍ എവിടെയും ഉണ്ട്.

ശുചിത്വ പരിപാലന യജ്ഞത്തിന്‍റെ സാങ്കേതിക ഉപദേഷ്ടാവ് ജോസ് ജോസഫ് മൂഞ്ഞേലിയുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം നല്‍കിയാണ് ഇവരെ ദൗത്യത്തിനായി തയാറെടുപ്പിച്ചത്. ക്ഷേത്ര ട്രസ്റ്റ് പ്രതിനിധിയായ ശുചിത്വ പദ്ധതിയുടെ കണ്‍വീനര്‍ കെകെ ബാലചന്ദ്രന്‍, പഞ്ചായത്തംഗം എംകെ കലാധരന്‍ എന്നിവരുടെ പിന്തുണയും സഹായവുമാണ് കുട്ടികളുടെ കരുത്ത്.

thirunarauanapuram-temple-students-3വിദ്യാര്‍ഥികള്‍ക്ക് ഊര്‍ജ്ജം പകരാന്‍ എംഎല്‍എ അന്‍വര്‍ സാദത്ത്, ഡിവൈഎസ്പി ജി. വേണു, പഞ്ചായത്ത് പ്രസിഡന്‍റ് അല്‍ഫോണ്‍സ വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് കെ.വി. അനൂപ്, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റ് സെക്രട്ടറി പി.ജി. സുധാകരന്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഇവര്‍ക്കൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.