രജിസ്ട്രേഷൻ നടത്താതെ ഫാൻസി നമ്പറിട്ട് ഓടിച്ചിരുന്ന വാഹനം പിടിച്ചെടുത്തു

 

അങ്കമാലി : രജിസ്ട്രേഷൻ നടത്താതെ ഫാൻസി നമ്പറിട്ട് ഓടിച്ചിരുന്ന വാഹനം പിടിച്ചെടുത്തു. 8055 എന്ന നമ്പർ ഇംഗ്ലിഷിൽ ബോസ് എന്ന രീതിയിൽ വായിക്കും വിധം പ്രദർശിപ്പിച്ചായിരുന്നു ഓടിച്ചുകൊണ്ടിരുന്നത്. ടയറുകൾ ഓവർസൈസാക്കിയും പ്രകാശ തീവ്രത കൂടിയ ഹെഡ് ലൈറ്റുകൾ പിടിപ്പിച്ചും ആരെയും ആകർഷിക്കും വിധം മോടിപ്പിടിച്ച മഹീന്ദ്രയുടെ പുതിയ ചുവന്ന താർ വാഹനമാണ് വ്യാജ രജിസ്ട്രേഷൻ നമ്പരുമായി അങ്കമാലി ആർടി ഓഫീസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

ചാലക്കുടി പരിയാരം തൃക്കൂരൻ മേജറ്റ് വർഗീസിന്‍റേതാണ് വ്യാജ നമ്പറിൽ പിടികൂടിയ വാഹനം. ഇയാൾ സൗദിയിൽ ബിസിനസ് നടത്തുകയാണ്. വാഹനം പിടിക്കുമ്പോൾ ഇയാളുടെ പിതാവാണ് വാഹനം ഓടിച്ചിരുന്നത്. ചൊവ്വാഴ്ച്ച രാവിലെ 11.30ന് അങ്കമാലി നായത്തോട് കവലയിൽ വച്ച് വാഹന പരിശോധന നടത്തി വരുന്ന സമയത്ത് എയർപോർട്ട് ഭാഗത്ത് നിന്ന് ചാലക്കുടി ഭാഗത്തേയ്ക്ക് വന്നിരുന്ന മോട്ടോർകാർ കൈ കാണിച്ചിട്ടും നിറുത്താതെ പോയതിനെ തുടർന്ന് പിൻതുടർന്ന ഉദ്യോഗസ്ഥർ ദേശീയ പാതയിൽ അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാന്‍റിനു സമീപത്ത് വച്ചാണ് പിടികൂടിയത്.

വാഹനത്തിന്‍റെ മുൻവശത്ത് കെഎൽ 64/എഫ് 8055 എന്ന രജിസ്ട്രേഷൻ ഫാൻസി രൂപത്തിൽ കെഎൽ 64/എഫ് ബോസ് എന്ന് വായിക്കുന്ന രീതിയിലാണ് എഴുതിയിരുന്നത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്ക് ലൈസൻസ് ഇല്ലന്നും തെളിഞ്ഞിട്ടുണ്ട്. മൂന്ന് മാസം മുൻപ് തൃശൂരിൽ നിന്നാണ് വാഹനം വാങ്ങിയത്. വ്യാജ നമ്പർ ഉപയോഗിക്കാൻ സഹായിച്ചത് ഏജന്‍റാണെന്നാണ് വാഹനം ഓടിച്ചിരുന്നയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.