ബഫ്റ്റയിൽ മലയാളി തിളക്കം

ഓസ്‌ടേലിയയിലെ പ്രശസ്ഥമായ ബോൺഡ് യൂണിവേഴ്‌സിറ്റി ഏർപ്പെടുത്തിയ രാജ്യാന്തര പുരസ്‌ക്കാരമായ ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് (ബഫ്റ്റ) മലയാളി സ്‌ക്കൂൾ വിദ്യാർത്ഥിക്ക്.ഓസ്‌ടേലിയയിൽ സ്ഥിരതാമസമാക്കിയ ആലുവ സ്വദേശി കിഴക്കെകടുങ്ങല്ലൂർ കണിയാക്കുന്ന് അശോക് അലക്‌സാണ്ടറിന്റെയും,കോടനാട് ശ്രീനിലയത്തിൽ നീതിയുടെയും മകനായ ഉദയ് അലക്‌സാണ്ടറിനാണ് രാജ്യാന്തര പുരസ്‌ക്കാം ലഭിച്ചത്.

udai-2കോമഡി വിഭാഗത്തിലാണ് ഉദയ്ക്ക്‌ പുരസ്‌ക്കാരം ലഭിച്ചത്‌. ‘കോൺസ്റ്റബിൾ റീബൗൺഡ്’ എന്ന ചിത്രത്തിനാണ് പുരസ്‌ക്കാരം.ബാല്യം മുതൽ സിനിമയോടാണ് ഉദയ്ക്ക്‌ ഭ്രമം. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ തുടങ്ങിയതാണ് ചലച്ചിത്രാഭിനിവേശം.

ഓസ്‌ട്രേലിയയിലെ വടക്കൻ ടെറിട്ടറിയിലെ പ്രശസ്തമായ ഡാർവ്വിൻ ഹൈസ്ക്കൂളിൽ പന്ത്രണ്ടാം തരത്തിൽ പഠിക്കുമ്പോഴാണ് കോൺസ്റ്റബിൾ റീബൗൺഡ് എന്ന കോമഡി ഷോർട്ട് ഫിലിം ചെയ്തത്. അത് ബഫ്റ്റ അവാർഡിനായി അയച്ചപ്പോൾ തനിക്കൊരു പുരസ്കാരം അത് നേടിത്തരുമെന്ന് സ്വപ്നത്തിൽപ്പോലും ഉദയ് കരുതിയിരുന്നില്ല. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം സ്വയം നിർവ്വഹിച്ചപ്പോൾ കഥാപാത്രങ്ങളായെത്തിയത് സഹപാഠികളായ അഭിനേതാക്കൾ. കൊസ്റ്റാന്റൈൻ ഹാറ്റ്സിവൽസമിസും ഡക്കോട്ട ജോൺസും.

ഒരു പൊലീസ് കോൺസ്റ്റബിളിന്റെ വ്യക്തിജീവിതവും ഔദ്യോഗികജീവിതവും തമ്മിൽ ഇഴചേർക്കുന്നതാണ് കോൺസ്റ്റബിൾ റീബൗണ്ടിന്റെ പ്രമേയം. 2 മിനുട്ട് 51 സെക്കന്റ് മാത്രമുള്ളതാണ് ഈ ഹ്രസ്വചിത്രം. ഒരു ഹാസ്യപ്രമേയം ഇത്രയും ചെറിയ സമയത്തിനുള്ളിൽ അവതരിപ്പിച്ച് ഫലിപ്പിക്കുകയെന്നത് ഒരു വെല്ലുവിളിയായിരുന്നു വെന്ന് ഉദയ് പറയുന്നു.

ഗോൾഡ് കോസ്റ്റ് നഗരത്തിൽ നടന്ന ബഫ്റ്റ ഗാലാ ചടങ്ങിൽ വച്ച് പ്രശസ്ത അമേരിക്കൻ ടെലിവിഷൻ ബ്രോഡ്കാസ്റ്റ് എൻജിനീയറായ ഡാനിയേൽ മർഫിയിൽ നിന്നുമാണ്‌ ഉദയ് അവാർഡ് ഏറ്റുവാങ്ങിയത്. ഓസ്‌ട്രേലിയയിലെ പ്രശസ്ത ടെലിവിഷൻ അവതാരകനായ ജെയിംസ് മാത്തിസൻ  അവാർഡ്ദാനച്ചടങ്ങിൽ ഉദയിനെ സദസ്സിന് പരിചയപ്പെടുത്തി.

udai-3അവാർഡിനായി 1000-ത്തിലേറെ എൻട്രികൾ ആദ്യപട്ടികയിൽ ഉണ്ടായിരുന്നു. അതിൽ നിന്നും ജൂറികൾ തിരഞ്ഞെടുത്ത 18 എണ്ണമാണ് അവസാനഘട്ട മത്സരത്തിനായി എത്തിയത്.

ഇരുപതു വർഷം മുൻപ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരാണ് ഉദയ് യുടെ അച്ഛനമ്മമാർ. അച്ഛൻ, അമ്മ രണ്ടു കുട്ടികൾ എല്ലാവരും ഓസ്‌ട്രേലിയൻ പൗരന്മാരായവർ. ഓസ്‌ട്രേലിയയിൽ സ്വന്തമായി ബിസിനസ്സ് സ്ഥാപനം നടത്തുകയാണ് നീതിയും അശോകും. മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പം അവധിക്കാലം ചെലവഴിക്കാനായി കോടനാട്ടെത്തിയാണ് ഉദയ്.

ലോകപ്രശസ്ത ചലച്ചിത്രപഠനകേന്ദ്രങ്ങളിലൊന്നായ സിഡ്‌നിയിലെ ഓസ്‌ട്രേലിയൻ ഫിലിം ടെലിവിഷൻ ആൻഡ് റേഡിയോ സ്‌കൂളിൽ ത്രിവത്സര ബിരുദ കോഴ്സായ ബാച്ച്ലർ ഓഫ് ആർട്ട്സ് സ്‌ക്രീൻ പ്രൊഡക്ഷൻ പഠിക്കാൻ പ്രവേശനം ലഭിച്ച സന്തോഷത്തിലാണ് ഉദയ്.