തിരുവൈരാണിക്കുളത്ത് പറ സമര്‍പ്പണം അരക്കോടികവിഞ്ഞു

 

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവം അഞ്ചു ദിവസം പിന്നിടുമ്പോള്‍ ശ്രീപാര്‍വ്വതീദേവി ദര്‍ശിച്ചു സായൂജ്യമടയുന്നതിന് തിരുവൈരാണിക്കുളത്ത് എത്തിയത് ലക്ഷങ്ങളാണ്. ദര്‍ശനം പോലെതന്നെ ശ്രീപാര്‍വ്വതിദേവിക്കു വേണ്ടി വര്‍ഷം മുഴുവന്‍ നേര്‍ന്നുവച്ച വഴിപാടുകളും അര്‍ച്ചനകളും പൂര്‍ത്തിയാക്കാനുള്ള അവസരം കൂടിയാണ് ഭക്തര്‍ക്ക് നടതുറപ്പുത്സവകാലം.

മുന്‍വര്‍ഷങ്ങളിലേതുപോലെ നട വഴിപാടുകളില്‍ മുന്നിട്ടു നില്‍ക്കുന്നത് മഞ്ഞള്‍ പറ തന്നെയാണ്. മംഗല്യസൗഭാഗ്യത്തിനും കുടുംബ ഐശ്വര്യത്തിനുമായി നടത്തുന്ന മഞ്ഞള്‍പറ കഴിക്കാത്ത ഭക്തര്‍ നന്നേ കുറവാണ്. അതുകൊണ്ടുതന്നെ നടതുറന്ന് അഞ്ചു ദിവസം പിന്നിടുമ്പോഴേക്കും മഞ്ഞള്‍പറയില്‍ ദശലക്ഷങ്ങളായി. കൂടാതെ ആയുരാരോഗ്യത്തിനു മഹാദേവന് എള്ളുപറ, കുടുംബ ഐശ്വര്യത്തിനായി നെല്ലുപറ, മലര്‍ പറ തുടങ്ങിയവയുള്‍പ്പെടെ അരക്കോടിയോളം രൂപയുടെ പറ വഴിപാട് നടത്തിയിട്ടുണ്ട്.

മംഗല്യസൗഭാഗ്യത്തിനു പട്ട്, താലി, പുടവ സമര്‍പ്പണം നടത്തുന്നവരും വിവാഹശേഷം നെടുമംഗല്യത്തിന് കുടുംബവുമായി എത്തി ഇടണപ്പുടവ സമര്‍പ്പിക്കുന്നവരും ഏറെയാണ്. ഇഷ്ട സന്താനലബ്ധിക്കു തൊട്ടില്‍ കെട്ടുന്നവരുമുണ്ട്. ഇവയെല്ലാം ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പുത്സവ നാളുകളില്‍ മാത്രം നടക്കുന്ന വഴിപാടുകളായതിനാല്‍ കൗണ്ടറുകളില്‍ ഭക്തര്‍ തിരക്കു കൂട്ടുകയാണ്. സാധാരണ ദിനങ്ങളില്‍ നടക്കുന്ന പ്രത്യേക പൂജകളായ ഉമാമഹേശ്വര പൂജ, വേളിയോത്ത് എന്നിവയ്ക്കും വന്‍തോതില്‍ ബുക്കിങ് നടക്കുന്നുണ്ട്.

വെർച്വല്‍ ക്യൂ വഴി ദര്‍ശനം നടത്തിയവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുകയാണ്. ബുക്കിങ് നടത്തിയവരുടെ എണ്ണും മൂന്നര ലക്ഷത്തോളമായി. അന്നദാനത്തിലും ലക്ഷക്കണക്കിനു പേര്‍ പങ്കെടുത്തുകഴിഞ്ഞു. സൗജന്യ കുടിവെള്ള വിതരണവും അന്നദാനവും ഭക്തരുടെ പ്രയാസങ്ങളകറ്റുന്നുണ്ട്. സ്വകാര്യ ഭക്ഷണ ശാലകളുടെ ചൂഷണത്തില്‍ നിന്നു രക്ഷനേടാന്‍ ഭക്തര്‍ അന്നദാനം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്.

വരുംദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷേത്ര പരിപരത്തെ താത്ക്കാലിക ഭക്ഷണ ശാലകളിലും പാനീയശാലകളിലും കച്ചവട സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഭക്ഷണത്തിന്റെ ശുണനിലരവാരവും ശുചിത്വവും ഉറപ്പാക്കാനാണ് ആരോഗ്യ വകുപ്പ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന.

ഏതാനും സ്ഥാപനങ്ങളില്‍ നിന്നു വൃത്തിഹീനമായ രീതിയില്‍ കൈകാര്യം ചെയ്ത ഐസ്, തുറന്നുവച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. ചൊവ്വര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ശിവന്‍, പി.കെ. രാജു, ഷിജോ, ഉമാമഹേശ്വരി, സതി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തിരക്കേറിയാലും   ഭക്തജനങ്ങള്‍ക്കു സുരക്ഷിതമായി ദര്‍ശനം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ക്ഷേത്ര ട്രസ്റ്റും പൊലീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.