പറക്കട്ടെ ഞങ്ങളും മാനം മുട്ടേ….

കാലടി: അഞ്ച് വയസുകാരി ആന്‍മരിയക്ക് വിമാനത്തില്‍ കയറുവാന്‍ ആദ്യം പേടിതോന്നിയെങ്കിലും കൂട്ടുകാരുടെ പിന്തുണ ലഭിച്ചപ്പോള്‍ പേടിയെല്ലാം പമ്പകടന്നു. പിന്നെ കൂളായി വിമാനയാത്ര. മാനത്ത് മുട്ടി പരക്കുന്ന വിമാനം വിയമയിപ്പിക്കുന്ന കാഴ്ച മാത്രമായിരുന്നു അവർക്ക്. വിമാനത്തിൽ പറക്കുക എന്നത് ഒരു സ്വപ്നം പോലും അല്ലാതിരുന്ന സമയത്താണ് ഈ കുഞ്ഞുങ്ങൾ പുതുവർഷ സമ്മാനമായി ലഭിച്ച വിമാനയാത്ര ആസ്വദിച്ചത്.

ആന്‍ മരിയ ഉള്‍പ്പെടെ 46 കുട്ടികളാണ് ആദ്യമായി വിമാനയാത്ര നടത്തിയത്. പുല്ലുവഴി സ്നേഹജ്യോതി ശിശുഭവനിലെ കുട്ടുകള്‍ക്കാണ് പുതുവത്സര സമ്മാനമായി വിമാന യാത്ര ലഭിച്ചത്. നെടുമ്പാശ്ശേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. വിമാനത്തിനകത്ത് എയര്‍ഹോസ്റ്റസ്മാരോടും, ജീവനക്കാരോടും വിമാനത്തിന്‍റെ പ്രവര്‍ത്തന രീതികളെക്കുറിച്ച് ചോദിച്ചറിഞ്ഞു.

ഒരുദിവസം മുഴുവന്‍ തിരുവനന്തപുരത്ത് ചെലവഴിക്കുകയും ചെയ്തു. അനാഥത്വത്തിന്‍റെ നൊമ്പരങ്ങളെന്നും കുട്ടികള്‍ക്ക് ഉണ്ടായിരുന്നില്ല. ചെറുപ്രായത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഈ പുതുവര്‍ഷത്തിലാണ്. അങ്കമാലിയിലെ വ്യവസായിയായ മിഥുന്‍ ഇടശ്ശേരിയാണ് ഇവരുടെ ഈ സന്തോഷയാത്രയ്ക്ക് വേദി ഒരുക്കിയത്.

ചൊവ്വാഴ്ച രാത്രി 9.50 നുള്ള എയര്‍ ഇന്ത്യവിമാനത്തിലാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. വിമാനത്തിന്‍റെ ഉള്‍വശം ശരിക്കും കണ്ട് തീരുന്നതിന് മുമ്പ് തന്നെ അരമണിക്കൂറിനുള്ളില്‍ യാത്ര അവസാനിച്ചെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് ഹോട്ടലില്‍ തങ്ങിയശേഷം ബുധനാഴ്ച പ്ലാനിറ്റോറിയം, മൃഗശാല തുടങ്ങിയവയിലെല്ലാം സന്ദര്‍ശനം നടത്തി. പ്ലാനിറ്റോറിയത്തിലെ സയന്‍സ് എക്സിബിഷനും, ത്രീ ഡി സിനിമയും ആകാംക്ഷയോടെയാണ് കുട്ടികള്‍ കണ്ടത്. മൃഗശാലയില്‍ പുലിയേയും, സിംഹത്തിനേയും കണ്ടപ്പോള്‍ കൂട്ടുകാരുടെ പേരിട്ടാണ് അവയെല്ലാം വിളിച്ചത്.

ട്രെയിനിലായിരുന്നു കുട്ടികളുടെ മടക്ക യാത്ര. സ്കൂളില്‍ കൂട്ടുകാര്‍ക്കിടയില്‍ ഇപ്പോള്‍ ഇവരാണ് താരം. മറ്റ് കുട്ടികള്‍ക്ക് ലഭിക്കാത്ത സൗഭാഗ്യത്തിന്‍റെ വിശേഷം കൂട്ടുകാരോട് പറയുന്നതിന്‍റെ തിരക്കിലാണ് ഇവര്‍.അദ്ധ്യാപകരും യാത്രയെക്കുറിച്ച് ചോദിച്ചറിയാനും എത്തുന്നുണ്ട്. തങ്ങളുടെ യാത്രയെക്കുറിച്ച് ഒരു യാത്രാ വിവരണം തയ്യാറാക്കുന്ന തിരക്കിലാണ് കുട്ടികള്‍. കുട്ടികള്‍ക്കൊപ്പം സിസ്റ്റര്‍ ജിസ പയ്യപ്പിള്ളി, ജോയ്സി ബെന്നി, മായ ജോസഫ്, സിമി സജി എന്നിവരും ഉണ്ടായിരുന്നു.

അനാഥകുട്ടികളെ സംരക്ഷിക്കുന്നതിനായി 2008 ഒക്ടോബര്‍ 2 നാണ് പുല്ലുവഴിയില്‍ സ്നേഹജ്യോതിശിശു ഭവന്‍ ആരംഭിച്ചത്. 76 കുട്ടികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. 4 ദിവസം മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ ഇവിടെയുണ്ട്. കോടതി ഉത്തരവ് പ്രകാരം ലഭിക്കുന്ന കുട്ടികളെയാണ് ശിശുഭവന്‍ ഏറ്റെടുക്കുന്നത്.

ഇതിന്‍റെ സഹോദരസ്ഥാപനമായി ആണ്‍കുട്ടികള്‍ക്കായി കാഞ്ഞൂര്‍ പാറപ്പുറത്ത് സ്നേഹജ്യോതി ബോയ്സ്ഹോം പ്രവര്‍ത്തിക്കുന്നുണ്ട്. 5 വയസ്സ്മുതല്‍ 15 വരെയുള്ള 35 ആണ്‍കുട്ടികളാണ് ഇവിടെയുളളത്.സിസ്റ്റര്‍ ജിസ പയ്യപ്പിള്ളിയുടെ നേതൃത്വത്തിലാണ് ശിശുഭവന്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞവര്‍ഷം ആണ്‍കുട്ടികള്‍ക്ക് മിഥുന്‍ വിമാന യാത്ര ഒരുക്കിയിരുന്നു.