തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ശ്രീപാർവ്വതീദേവിയുടെ തിരുനടതുറന്നു

 

കാലടി: തിരുവാതിര പൂത്തുലഞ്ഞ ധനുമാസരാവിൽ ദേവീനാമജപ മുഖരിതമായ അന്തരീക്ഷത്തിൽ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ശ്രീപാർവ്വതീദേവിയുടെ തിരുനടതുറന്നു. ഇനിയുള്ള പതിനൊന്നു നാളുകൾ ദേവീദർശന സൗഭാഗ്യം നുകരാൻ ഭക്തജനലക്ഷങ്ങളുടെ തീരാപ്രവാഹമായിരിക്കും.ധനുമാസത്തിലെ തിരുവാതിര മുതൽ 12 ദിനങ്ങൾ മാത്രമാണു തിരുവൈരാണിക്കുളത്തു ശ്രീപാർവ്വതീദേവിയുടെ നടതുറക്കുന്നത്.

ക്ഷേത്ര ഐതീഹ്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന അകവൂർ മനയിൽ നിന്നുള്ള തിരുവാഭരണ ഘോഷയാത്രയോടെയാണു നടതുറപ്പിന്റെ ചടങ്ങുകൾ ആരംഭിച്ചത്. അകവൂർ കുടുംബ പരദേവതയായ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ കെടാവിളക്കിൽ നിന്നു പകർന്ന ദീപം തറവാട്ടു കാരണവർ തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾക്കു കൈമാറി. തുടർന്നു ശ്രീപാർവ്വതീദേവിയുടെ തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ക്ഷേത്രത്തിലേക്കു പുറപ്പെട്ടു.

പൂത്താലമേന്തിയ മങ്കമാരും വാദ്യമേളങ്ങൾക്കൊത്തു നിറഞ്ഞാടിയ പൂക്കാവടികളും വർണശോഭയേകിയ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിയ ഉടനെ നടതുറപ്പിനുള്ള വിപുലമായ ആചാരങ്ങൾക്കു തുടക്കമായി. നടതുറപ്പ്, നടയടപ്പ് ആചാരങ്ങൾക്കു കാർമികത്വം വഹിക്കുന്ന ശ്രീപാർവ്വതീദേവിയുടെ പ്രിയതോഴി ‘പുഷ്പിണി’യും ക്ഷേത്ര ഉരാണ്മക്കാരായ അകവൂർ, വെടിയൂർ, വെണ്മണി മനകളിലെ പ്രതിനിധികൾ, ഉത്സവ നടത്തിപ്പിനു വേണ്ടിയുള്ള സമുദായ തിരുമേനിയായ ചെറുമുക്ക് വൈദികൻ വാസുദേവൻ അക്കിത്തിരിപ്പാട് എന്നിവരും ക്ഷേത്ര നടയ്ക്കൽ സന്നിഹിതരായി. പുഷ്പിണിയായി സങ്കൽപ്പിക്കപ്പെടുന്ന എടനാട് അല്ലിമംഗലം കുടുംബാംഗം തങ്കമണി ബ്രാഹ്മണിയമ്മ ആചാരപ്രകാരം ‘ഊരാണ്മക്കാർ എത്തിയിട്ടുണ്ടോ’ എന്നു വിളിച്ചുചൊല്ലി. ‘എത്തിയിട്ടുണ്ട്’ എന്ന് ഉരാണ്മക്കാർ മറുപടി നൽകി.

thiruviranikulam-5തുടർന്നു ‘നടതുറക്കട്ടെ’ എന്നു സമുദായ തിരുമേനിയോടു അനുവാദം ചോദിച്ചു. ‘തുറന്നാലും’ സമുദായ തിരുമേനി അനുമതി നൽകിയതിനു പിന്നാലെ മേൽശാന്തി തിരുനട തുറന്നു. സർവ്വാഭരണ വിഭൂഷിതയായ പാർവ്വതീദേവിയുടെ പ്രഥമദർശനം ഭക്തരിൽ ആത്മനിർവൃതിയുടെ ആനന്ദാശ്രുക്കൾ നിറച്ചു. ഒരായിരം കണ്ഠങ്ങളിൽ നിന്ന് ദേവീസ്തുതികൾ ഉയർന്നു. ദർശനത്തിനുശേഷം ദേവിയെ ശ്രീകോവിലിൽ നിന്നു പാട്ടുപുരയിലേക്ക് എഴുന്നള്ളിച്ചിരുത്തി. ഈ രാത്രി മുഴുവൻ ഇവിടെ കഴിയുന്ന ദേവിക്കു തോഴി ബ്രാഹ്മണിയമ്മ പാട്ടും ശീലുകളുമായി ഉറക്കമൊഴിഞ്ഞു കൂട്ടിരിക്കുന്നതാണ് ആചാരം. ഈ സമയം ക്ഷേത്ര സന്നിധിയിൽ വ്രതംനോറ്റ മങ്കമാർ തിരുവാതിര ചുവടുവച്ച്, പാതിരാപൂചൂടി പൂത്തിരുവാതിര കൊണ്ടാടി.

രാവിലെ 4 മുതൽ 1.30 വരെയും വൈകിട്ടു നാലു മുതൽ 8.30 വരെയുമാണു ദർശന സമയം. 12നു രാത്രി എട്ടിനു ദർശനോത്സവം സമാപിക്കും.