അമ്മതൻ സ്‌നേഹത്തെ അനശ്വരമാക്കി വെളുത്തകുട്ടി

 

കാലടി:അമ്മയുടെ സ്‌നേഹമാണ് ശാശ്വത സത്യമെന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് ഉറൂബിന്റെ കഥയെ ആസ്പദമാക്കി നർത്തകി അനിലാ ജോഷി അവതരിപ്പിച്ച പുത്തൻ നൃത്താവിഷ്‌കാരം അവതരണ ശൈലിയുടെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയായി. കാലടിയിൽ നടക്കുന്ന ശ്രീശങ്കര ദേശീയ ധൃത്ത സംഗീതോത്‌സവത്തിന്റെ സമാപന ദിവസമാണ് വെളുത്തകുട്ടി അരങ്ങിലെത്തിയത്.

അമ്മയുടെ സ്‌നേഹം വൃക്ഷലതാധികൾക്കു പോലും സന്തോഷം നല്കുന്നു എന്നും അമ്മയുടെ സ്‌നേഹത്തിന് പകരം വക്കുവാൻ മറ്റൊന്നില്ലായെന്നും ഒരു കുട്ടിയുടെയും ഭൂതത്തിന്റെയും കഥയിലൂടെ കലാകാരി ദൃശ്യവൽക്കരിച്ചു. വികൃത രൂപമുളള ഭൂതം കുട്ടിയെ സന്തോഷിപ്പിക്കുവാൻ ഭൂതത്തിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പക്ഷെ ഭൂതത്തിന്റെ ലോകത്തിലെ കാഴ്ചകളൊന്നും കുഞ്ഞിന് സന്തോഷം നല്കിയില്ല. കുഞ്ഞ് അമ്മയുടെ സാമിപ്യമാണ് ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലായ ഭൂതം കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കുന്നു.

veluthhakuty-2കുഞ്ഞിനെ താലോലിക്കുന്ന അമ്മയുടെ സ്‌നേഹത്തിൽ മതിമറന്ന ഭൂതത്തിനുപോലും തന്റെ വൈകൃതങ്ങൾ മാറ്റി പുഞ്ചിരിക്കുവാൻ കഴിയുവെന്നാണ് ദൃശ്യാവിഷ്‌കാരത്തിൽ വിവരിക്കുന്നത്. ഭരതനാട്യ ശൈലിയിൽ ചിട്ടപ്പെടുത്തിയ ഈ ഇനത്തിൽ, മാതൃസ്‌നേഹത്തിന്റെ പുണ്യം കൊണ്ട്, ഏതുതരം വൈകല്യങ്ങളും ദൂരീകകരിക്കുവാൻ കഴിയുമെന്ന് കലാകാരി ദൃശ്യവത്കരിക്കുന്നു.

നൃത്ത സംവിധാനം ഡോ.സി.പി.ഉണ്ണികൃഷ്ണനും സംഗീത സംവിധാനം എം.എസ്.ഉണ്ണികൃഷ്ണനും നിർവഹിച്ചു. ശ്രീകുമാർ ഊരകം, അമൃത സുരേഷ്, ആർ.എൽ.വി. വേണു കുറുമശ്ശേരി, അനിൽകുമർ ഇടപ്പളളി എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.