കാലടി എസ്‌.എന്‍.ഡി.പി. ലൈബ്രറി 70-ാം വയസ്സില്‍ 

കാലടി:വിദ്യകൊണ്ട്‌ സ്വതന്ത്രരാകുക എന്ന ശ്രീനാരായണ ഗുരുദേവദര്‍ശനം വിളംബരം ചെയ്‌തുകൊണ്ട്‌ കഴിഞ്ഞ 70 വര്‍ഷക്കാലമായി കാലടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു സാംസ്‌കാരിക പ്രസ്ഥാനമാണ്‌ കാലടി എസ്‌.എന്‍.ഡി.പി. ലൈബ്രറി. സ്വാതന്ത്ര്യസമര സേനാനിയും പ്രശസ്‌ത ആയൂര്‍വേദ പണ്‌ഡിതനുമായിരുന്ന കാലടി എന്‍. സോമശേഖരന്‍ വൈദ്യന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവാക്കളായിരുന്നു 1947 ല്‍ കാലടി എസ്‌.എന്‍.ഡി.പി. ലൈബ്രറിയ്‌ക്ക്‌ തുടക്കമിട്ടത്‌.

സ്വാതന്ത്ര്യസമര സേനാനി വി.കെ.ജി.പണിക്കര്‍, എം.എ. ഭരതന്‍ മാസ്റ്റര്‍, ആലിസാഹിബ്‌, എം.ഇ. ആഗസ്‌തി, ദേവദാസ്‌ മാസ്റ്റര്‍, കെ. ശ്രീധരന്‍ മാസ്റ്റര്‍ , പികെ. സ്വാമിനാഥന്‍ മാസ്റ്റര്‍, ഷണ്‍മുഖന്‍ ആലാട്ട്‌ തുടങ്ങിയവരായിരുന്നു ഗ്രന്ഥശാലയുടെ ആദ്യകാലപ്രവര്‍ത്തകര്‍. ഇപ്പോഴത്തെ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റീസ്‌ കുരിയന്‍ ജോസഫ്‌ ഈ ഗ്രന്ഥശാലയിലെ അംഗമായിരുന്നു.

സ്വതന്ത്ര്യസമരവുമായും ക്ഷേത്രപ്രവേശന പ്രക്ഷോഭവുമായും ബന്ധപ്പെട്ട്‌ ഒട്ടേറെ യോഗങ്ങള്‍ ഈ ഗ്രന്ഥശാലയില്‍ നടന്നിട്ടുണ്ട്‌. കാലടിയിലെ സാംസ്‌കാരിക രംഗത്തെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലൈബ്രറി നേതൃത്വം നല്‌കി. റേഡിയോ ക്ലബ്‌, കലാസമിതി എന്നിവ ആദ്യകാലങ്ങളില്‍ ലൈബ്രറിയുടെ കീഴില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഗ്രന്ഥശാലയുടെ കൈയ്യെഴുത്തുമാസിക സോമനാദം ഇപ്പോള്‍ അച്ചടിച്ചുപുറത്തിറങ്ങുന്നു. കണ്‍തുറക്കൂ ദൈ്വവാരിക ലൈബ്രറിയുടെ പ്രസിദ്ധീകരണമാണ്‌. നാലുഭാഷകളിലായി 18 ലക്ഷത്തിലേറെ വിലവരുന്ന മുപ്പത്തിയേഴായിരത്തിലേറെ പുസ്‌തകങ്ങള്‍, അഞ്ഞൂറോളം സി.ഡി. റോമുകള്‍, നൂറിലേറെ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, ആറുലക്ഷത്തിലേറെ വിലവരുന്ന ഉപകരണങ്ങള്‍, നാനൂറ്‌ ആജീവനാന്ത അംഗങ്ങള്‍ ഉള്‍പ്പെടെ ആയിരത്തി അഞ്ഞൂറിലേറെ അംഗങ്ങള്‍ എന്നിവ ലൈബ്രറിയുടെ മേന്മകളാണ്‌.

മറ്റൂരിലെ 200 ലേറെ വീടുകളില്‍ പുസ്‌തകമെത്തിയ്‌ക്കുന്ന ഗ്രാമീണ വനിതാപുസ്‌തകവിതരണ പദ്ധതി, നവസാക്ഷരര്‍ക്കും, പത്താംക്ലാസ്‌ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യഅംഗത്വം, പത്താം ക്ലാസിനുശേഷം ഉപരിപഠനം നടത്തുന്നവര്‍ക്ക്‌ സൗജന്യമായി പാഠപുസ്‌തകങ്ങള്‍ നല്‍കുന്ന അക്കാദമിക്‌ സ്റ്റഡിസെന്റര്‍, ബാലവേദി, വനിതാവേദി തുടങ്ങിയവ ലൈബ്രറിയുടെ പ്രവര്‍ത്തന പദ്ധതികളാണ്‌.

കഴിഞ്ഞ പത്തുവര്‍ഷക്കാലമായി 490 ലേറെ ആഴ്‌ചകളായി തുടര്‍ച്ചയായി നടത്തിവരുന്ന ബുധസംഗമം സാംസ്‌കാരികകൂട്ടായ്‌മ ഈ ഗ്രന്ഥശാലയുടെ ശ്രദ്ധേയമായ പരിപാടിയാണ്‌. ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അംഗീകാരമായി കേരളസ്റ്റേറ്റ്‌ ലൈബ്രറി കൗണ്‍സിലിന്റെ ഏറ്റവും നല്ല സാംസ്‌കാരിക പ്രവര്‍ത്തനം നടത്തുന്ന ഗ്രന്ഥശാലയ്‌ക്കുള്ള 2008 ലെ സംസ്ഥാനപുരസ്‌കാരം ഈ ഗ്രന്ഥശാലയ്‌ക്ക്‌ ലഭിച്ചു.

കാലടി എസ്‌.എന്‍.ഡി.പി. ശാഖായോഗം നല്‍കിയ സൗജന്യ സ്ഥലത്ത്‌ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയുടെ ഭരണം നിര്‍വ്വഹിക്കുന്നത്‌ അഡ്വ.കെ.ബി. സാബു (പ്രസിഡന്റ്‌), കാലടി എസ്‌. മുരളീധരന്‍ (സെക്രട്ടറി), വി.എ.രഞ്‌ജന്‍ (ജോയിന്റ്‌ സെക്രട്ടറി) എന്നിവരടങ്ങിയ ഭരണസമിതിയാണ്‌. വി.എം. ആരോമലുണ്ണി, വി.എസ്‌. സാന്ദ്ര എന്നിവര്‍ ലൈബ്രേറിയന്മാരായി പ്രവര്‍ത്തിക്കുന്നു.

സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി പുസ്‌തകപ്രദര്‍ശനം, ആഗമാനന്ദസ്‌മൃതിസംഗമം, പുസ്‌തകപ്രകാശനം, സാംസ്‌കാരികസന്ധ്യ, പുരസ്‌കാരദാനം, മാതൃഭാഷാസംഗമം, വായനമഹോത്സവം, വനിതാസംഗമം, ശാസ്‌ത്രപ്രഭാഷണപരമ്പര തുടങ്ങിയ ഒരു വര്‍ഷം നീണ്ട്‌നില്‍ക്കുന്ന വ്യത്യസ്‌ത സാംസ്‌കാരിക പരിപാടികള്‍ക്കാണ്‌ ലൈബ്രറി രൂപം നല്‍കിയിട്ടുള്ളത്‌.

സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമീണ ഗ്രന്ഥശാലയും റഫറന്‍സ്‌ കേന്ദ്രവും ആയി ഗ്രന്ഥശാലയെ മാറ്റിയെടുക്കുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ്‌ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ലൈബ്രറി സപ്‌തതി ആഘോഷം ജനുവരി 1 ന്‌ വൈകീട്ട്‌ 6 ന്‌ കാലടി ആസാദ്‌ ആഡിറ്റോറിയത്തില്‍ നടക്കും. പ്രശസ്‌ത സാഹിത്യകാരന്‍ പ്രൊഫ. എം.കെ. സാനുമാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്യും. പൊതു സമ്മേളനം റോജി എം. ജോണ്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ്‌ അഡ്വ. കെ.ബി. സാബു അദ്ധ്യക്ഷതവഹിക്കും.

ശ്രീ ശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ.ധര്‍മ്മരാജ്‌ അടാട്ടിനെ യോഗത്തില്‍ ആദരിക്കും. പ്രശസ്‌ത ഭിഷഗ്വരനും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. സി.കെ. രാമചന്ദ്രന്‍ മുഖ്യാതിഥി ആയിരിക്കും. ലൈബ്രറിയുടെ പൂര്‍വ്വകാല ലൈബ്രറിയന്മാരേയും വായനാ മത്സരവിജയി വി.എസ്‌. വിനയിനേയും യോഗത്തില്‍ ആദരിക്കും.

കാലടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ. തുളസി,ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍ സുരേന്ദ്രന്‍, എസ്‌.എന്‍.ഡി.പി. യോഗം കാലടി ശാഖാ പ്രസിഡന്റ്‌ ഷാജി തൈക്കൂട്ടത്തില്‍, കാലടി കാഞ്ഞൂര്‍ റുറല്‍ ബാങ്ക്‌ പ്രസിഡന്റ്‌ ജോയ്‌ പോള്‍, കാലടി ഫാര്‍മേഴ്‌സ്‌ ബാങ്ക്‌ പ്രസിഡന്റ്‌ കെ.എ. ചാക്കോച്ചന്‍, അങ്കമാലി വി.ടി.സ്‌മാരക ട്രസ്റ്റ്‌ സെക്രട്ടറി കെ.എന്‍. വിഷ്‌ണു, മലയാള ഐക്യവേദി ജില്ലാസെക്രട്ടറി എ.എന്‍. ഹരിദാസ്‌, പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റിയംഗം പി.വി. രമേശന്‍, ലൈബ്രറി വൈസ്‌ പ്രസിഡന്റ്‌ എം.വി. ജയപ്രകാശ്‌, സെക്രട്ടറി കാലടി എസ്‌. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിക്കും.