ശങ്കര പ്രതിമക്കുള്ള മണ്ണും, ലോഹവും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഏറ്റുവാങ്ങി

 

കാലടി: മധ്യപ്രദേശിൽ നിർമ്മിക്കുന്ന ശങ്കരാചാര്യരുടെ പ്രതിമക്കായി ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിൽ നിന്നും മണ്ണും, ലോഹവും ശേഖരിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മണ്ണും ലോഹവും ഏറ്റുവാങ്ങി. ശൃംഗേരി മഠം, ആദിശങ്കര സ്തൂപം എന്നിവിടങ്ങളിൽ നിന്നുമാണ് മണ്ണും, ലോഹവും എടുത്തത്.

രാവിലെ 11.30 ഓടെയാണ് ചൗഹാൻ കാലടിയിൽ എത്തിയത്. ആദിശങ്കര സ്തൂപത്തിൽ എത്തിച്ചേർന്ന ചൗഹാനെ മാനേജർ കെ.എസ്. വെങ്കിട്ടരാമനും വേദ വിദ്യാർഥികളും ചേർന്നു സ്വീകരിച്ചു. കാഞ്ചി കാമകോടി പീഠം പ്രതിനിധി പി.എ.സ് വെങ്കിട്ടരാമനിൽ നിന്നും മണ്ണ് ചൗഹാൻ ഏറ്റുവാങ്ങി. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ, ആർഎസ്എസ് സംസ്ഥാന പ്രാന്ത സംഘചാലക് പി.ഇ.ബി മേനോൻ, എം.കെ. കുഞ്ഞോൻ മാഷ്, കെ.എസ്‌.ആർ പണിക്കർ, കെ.ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.
sring-2

തുടർന്ന് ചൗഹാൻ ശൃംഗേരി മഠത്തിൽ എത്തി. ശൃംഗേരി മഠം അഡ്മിനിസ്ട്രേറ്റർ വി.ആർ ഗൗരിശങ്കർ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. ശാരദാംബ പ്രതിഷ്ഠയ്ക്ക് സമീപത്ത് വച്ച് ഗൗരിശങ്കർ ചൗഹാന് മണ്ണ് നൽകി. തുടർന്ന് ചൗഹാൻ ക്ഷേത്രത്തിൽ ദർശനം നടത്തി.

മുകാംബികയിൽ നിന്നും കൊണ്ടു വന്ന മണ്ണ് ഹരി ബോധേശാനന്ദ സ്വാമിയും , പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള മണ്ണ് പ്രജ്ഞാനന്ദ സ്വാമിയും , കന്യാകുമാരിയിലെ മണ്ണ് ലക്മി കുമാരിയും കൈമാറി. ഭാര്യ സാധന സിങ്ങും, മകൻ കാർത്തിക്കും ചൗഹാനൊപ്പം ഉണ്ടായിരുന്നു. ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖൻ, സ്വാമി പരമാത്മാനന്ദ സരസ്വതി, പ്രജ്ഞാനന്ദ തീർഥപാദർ ,സ്വാമി ഗൗഡപാദാനന്ദജി, സ്വാമി പ്രഭാകരാനന്ദ സരസ്വതി, സ്വാമി ബ്രഹ്മാനന്ദസരസ്വതി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

180 അടി ഉയരമുള്ള പ്രതിമയാണ് മധ്യപ്രദേശ് സർക്കാർ സ്ഥാപിക്കുന്നത്. ശിലാസ്ഥാപനം 2018 ജനുവരി 22 ന് നർമദ തീരത്തുള്ള ഓംകാരേശ്വരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.

ശ്രീശങ്കരാചാര്യരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ചിന്മയ മിഷനുമായി ചേർന്നു ഒരുക്കിയിരിക്കുന്ന മൊബൈൽ മ്യൂസിയം ആദിശങ്കരസന്ദേശ വാഹിനി ഏകാത്മക യാത്ര ശങ്കരാചാര്യരുടെ ജന്മഗൃഹമായ ആരക്കുന്നം വെള്ളിയനാട്ടെ ആദിശങ്കര നിലയത്തിൽ നിന്നും ആരംഭിച്ചു. ശിവരാജ് സിങ് ചൗഹാൽ ഫ്ളാഗ് ഓഫ് ചെയ്തു. യാത്ര കാലടി, ഉടുപ്പി, ധർമ്മസ്ഥല, ശൃംഗേരി എന്നിവിടങ്ങളിലൂടെ പര്യടനം നടത്തും.

ഡിസംബർ 19 നാണ് പ്രതിമ നിർമ്മാണ യജ്ഞo ആരംഭിച്ചത്. മധ്യപ്രദേശിലെ എല്ലാ പഞ്ചായത്തിൽ നിന്നും കൊണ്ടുവരുന്ന മണ്ണും ലോഹവും, അതത് ജില്ലാ ആസ്ഥാനത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നേരിട്ട് ഏറ്റുവാങ്ങി നർമ്മദ തീരത്തുള്ള ഓംകാരേശ്വരത്ത് ജനുവരി 22 ന് മുൽപ് എത്തിക്കും.

സർവ്വലൗകീക ഐക്യത്തെയും ദാർശനിക ചിന്തയെയും എല്ലാ ഇടുങ്ങിയ ചിന്താഗതികൾക്കും ഉപരിയായി തീരാൻ ആദിശങ്കരാചര്യരുടെ തത്വചിന്ത പ്രചോദിപ്പിക്കുന്നു. മികച്ച വ്യക്തികളെയും, സമൂഹത്തെയും, രാഷ്ട്രത്തേയും, ലോകത്തെയും രൂപീകരിക്കാൻ ഇത് സഹായിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.