സ്‌ത്രീശാക്തീകരണത്തിന്റെ സന്ദേശം പകര്‍ന്ന്‌ സഞ്‌ജിത ഭട്ടാചാര്യയുടെ ഒഡീസി

 
കാലടി: സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള ആക്രമണങ്ങള്‍ പെരുകുന്ന ഇന്നത്തെ കാലഘട്ടത്തില്‍ സ്‌ത്രീകളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തേതിന്റെ സന്ദേശം ഒഡീസിയിലൂടെ അവതരിപ്പിച്ച്‌ ഗുരു സഞ്‌ജിത ഭട്ടാചാര്യ.കാലടിയില്‍ നടക്കുന്ന ശ്രീശങ്കര അന്തര്‍ദ്ദേശീയ നൃത്തസംഗീതോത്സവത്തിലാണ്‌ കൊല്‍ക്കത്തിയില്‍ നിന്നുള്ള പ്രസിദ്ധ നര്‍ത്തകി ഗുരു സഞ്‌ജിത ഭട്ടാചാര്യ ഒഡീസിയിലൂടെ സാമൂഹ്യനവോത്ഥാനത്തിന്റെ സന്ദേശം പകര്‍ന്നത്‌.

അഹല്യയുടെ കഥയിലൂടെയാണ്‌ സ്‌ത്രീരക്ഷയുടെ ശക്തമായ പ്രമേയം അവതരിപ്പിച്ചത്‌.
ദേവേന്ദ്രന്റെ ചതിയില്‍പ്പെട്ട അഹല്യയെ ഗൗതമമുനി ശപിക്കുന്നു. എന്നാല്‍ സാക്ഷാല്‍ ഭഗവാന്‍ നാരായണനായ ശ്രീരാമന്‍ അഹല്യയ്‌ക്ക്‌ മോക്ഷം നല്‍കി സ്‌ത്രീകളുടെ മഹത്വവും സ്വഭാവശുദ്ധിയും ലോകത്തിന്‌ മുമ്പില്‍ അവതരിപ്പിക്കുന്നു.

odissi-2ആദിശങ്കരാചാര്യരുടെ ജഗനാഥസ്‌തുതിയോടെയാണ്‌ ഒഡീസി ആരംഭിച്ചത്‌. മംഗല്യദായകനായ ഭഗവാന്റെ അഷ്‌ടകത്തിലൂടെ ഭഗവത്‌ദര്‍ശനമാണ്‌ പ്രദാനം ചെയ്‌തത്‌. തുടര്‍ന്നാണ്‌ അഹല്യ അവതരിപ്പിച്ചത്‌.നാഗേന്ദ്രഹാരായ ത്രിലോചനായ എന്ന്‌ തുടങ്ങുന്ന ശ്ലോകത്തിന്റെ അവതരണമാണ്‌ തുടര്‍ന്ന്‌ സഞ്‌ജിതയും സംഘവും അവതരിപ്പിച്ചത്‌. കൊല്‍ക്കത്തയില്‍ നിന്നുള്ള ഏഴംഗ കലാകാരന്മാര്‍ പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ആനന്ദസാഗരത്തിലാറാടിക്കുകയായിരുന്നു.

ഒഡീസിയില്‍ സ്വന്തമായ രീതിയാണ്‌ സഞ്‌ജിത ഭട്ടാചാര്യ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ആരെയും അനുകരിക്കാതെ വിവിധ പൂന്തോട്ടങ്ങളില്‍ നിന്നുള്ള നല്ലപുഷ്‌പങ്ങള്‍ മാത്രം സ്വീകരിച്ച്‌ സ്വന്തമായരീതിയില്‍ ചിട്ടപ്പെടുത്തുകയെന്ന ഭര്‍ത്താവ്‌ തരുണ്‍ ഭട്ടാചാര്യയുടെ ഉപദേശമാണ്‌ സ്വീകരിച്ചതെന്നും സഞ്‌ജിത പറഞ്ഞു.

odissi-3വിദേശങ്ങളില്‍ നിന്നടക്കം നിരവധി അവാര്‍ഡുകള്‍ ഈ കലാകാരിയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്. അമേരിക്ക,  സിംഗപ്പൂര്‍ തുടങ്ങി നിരവധി വിദേശരാഷ്‌ട്രങ്ങളിലും ഒഡീസി അവതരിപ്പിച്ചിട്ടുണ്ട്. സഞ്‌ജിത ഭട്ടാചാര്യയോടൊപ്പം അന്വേശാ ഘോഷ്‌, ത്രിഷിത നന്ദി, അമൃത അധികാരി, മൗപര്‍ണ്ണ ഘോഷ്‌, അഗ്നിദീപാ നാഥ്‌, അസ്‌മിത ബാനര്‍ജി എന്നിവരും നൃത്തപരിപാടിയില്‍ പങ്കെടുത്തു. എം.എല്‍.എ. റോജി എം. ജോണും ഡോ. കെ.വി. ടോളിനും മുഖ്യാതിഥികളായിരുന്നു.

സീനിയര്‍ കലാകാരികളായ സുഗമ അനുരാജ്‌, കവിത സിന്ധുരാജ്‌, ചിത്ര പ്രസന്ന കുമാര്‍, ഗായത്രി. വി, എന്‍.എസ്‌.പ്രതിഭ, വൈഷ്‌ണവി. വി.എസ്‌, നീതു.പി.ആര്‍ എന്നിവരുടെ സോളോ നൃത്തങ്ങളും ഏറെ ശ്രദ്ധേയമായി.