ഭാരതകേസരി ശ്രീ മന്നത്ത്‌ പത്മനാഭന്‍ നൃത്തസമര്‍പ്പണം ജനുവരി 1 ന്‌ പെരുന്നയില്‍

 

കാലടി:സമുദായചാര്യന്‍ മന്നത്ത്‌പത്മനാഭന്റെ ജീവിതത്തെ ആസ്‌പദമാക്കി എന്‍.എസ്‌.എസ്‌ ആലുവ താലൂക്ക്‌ യൂണിയനും, കാലടി കരയോഗവും സംയുക്തമായി ഒരുക്കിയ ‘ഭാരതകേസരി ശ്രീ മന്നത്ത്‌ പത്മനാഭന്‍’ എന്ന നൃത്ത സംഗീത ശില്‌പം മന്നം ജയന്തിയോടനുബന്ധിച്ച്‌ ജനുവരി 1ന്‌ വൈകിട്ട്‌ 6 മണിക്ക്‌ പെരുന്നയില്‍ മന്നം സ്‌മൃതി മണ്ഡപത്തിനരികെയുള്ള വേദിയില്‍ അവതരിപ്പിക്കും

മന്നത്തിന്റെ ബാല്യം, യൗവനം, അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും സവര്‍ണ്ണ മേധാവിത്വത്തിനുമെതിരെ മന്നം നയിച്ച സന്ധിയില്ലാത്ത സമരങ്ങള്‍, നായര്‍ സമുദായ ഭൃത്യ ജനസംഘത്തിന്റെ സത്യപ്രതിജ്ഞ സവര്‍ണ്ണജാഥ, ക്ഷേത്രപ്രവേശന സത്യാഗ്രങ്ങള്‍ തുടങ്ങിയ സംഭവങ്ങളെ കോര്‍ത്തിണക്കിയാണ്‌ നൃത്ത സംഗീത ശില്‌പം തയ്യാറാക്കിയിരിക്കുന്നത്‌.

ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, അര്‍ദ്ധശാസ്‌ത്രീയനൃത്തം എന്നീ നൃത്തരൂപങ്ങളിലൂടെ രംഗാവിഷ്‌ക്കാരം നടത്തുന്ന നൃത്തശില്‌പത്തില്‍ കേരളത്തിന്റെ പുരാതന ക്ഷേത്രകലകളായ പടയണിയും ഓട്ടന്‍ തുള്ളലും, ആചാരങ്ങളില്‍ നിന്നും വ്യതിചലിക്കാതെ മിന്നിമറയുന്നുണ്ട്‌.

സമുദായാചാര്യന്റെ തന്നെ ശബ്‌ദത്തില്‍ മതസാഹോദര്യത്തിനായി കേരളജനതയോടുള്ള ആഹ്വാനത്തോടെയാണ്‌ നൃത്തശില്‌പം പൂര്‍ണ്ണമാകുന്നത്‌.ആലുവ താലൂക്ക്‌ യൂണിയന്റേയും കാലടി കരയോഗത്തിന്റേയും സംയുക്തസംരംഭമായ നൃത്തശില്‌പത്തില്‍ പതിനെട്ട്‌ നര്‍ത്തകികളും നാല്‌ കഥാപാത്രങ്ങളും, ഓട്ടന്‍ തുള്ളല്‍ പടയണി കലാകാരന്മാരും വേഷമിടുന്നു.

എസ്‌. വിജയന്‍ കാലടി രചനയും, ആശയാവിഷ്‌ക്കാരവും നിര്‍വഹിച്ച നൃത്തശില്‌പത്തിന്‌ എം.എസ്‌ ഉണ്ണികൃഷ്‌ണന്‍ സംഗീതം നല്‍കി. കാലടി ശ്രീശങ്കര കോളജ്‌ അസ്സി. പ്രൊഫസറും, നര്‍ത്തകിയുമായ ശ്രീലക്ഷ്‌മി സനീഷ്‌ കോറിയോഗ്രാഫി നിര്‍വഹിച്ചു. ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ്‌ നൃത്തശില്‍പ്പം.  മന്നം സ്‌മൃതി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചനയ്‌ക്ക്‌ ശേഷമായിരിക്കും നൃത്തസമര്‍പ്പണം.