തിരുവൈരാണിക്കുളം മഹോത്സവം : ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

 

കാലടി: തിരുവൈരാണിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ 2018 ജനുവരി 1 മുതല്‍ 12 വരെ ആഘോഷിക്കുന്ന ശ്രീപാവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ദര്‍ശനത്തിനായി പുതിയ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു. തിരിച്ചറിയല്‍ രേഖയും മൊബൈല്‍ ഫോണ്‍ നമ്പറും ഉപയോഗിച്ച് ലളിതമായ 5 ഘട്ടങ്ങളിലായി ബുക്ക് ചെയ്യാവുന്നതാണ്.

ബുക്ക് ചെയ്യുന്ന വ്യക്തി ഉള്‍പ്പെടെ ഒരാള്‍ക്ക് പരമാവധി 6 പേരെ വരെ ബുക്ക് ചെയ്യാവുന്നതാണ്. ഒരുതവണ ബുക്കിങിന് ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയും ഫോണ്‍ നമ്പറും വീണ്ടും ഉപയോഗിക്കാന്‍ കഴിയില്ല. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.thiruvairanikkulamtemple.org വഴിയാണ് ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കിയിട്ടുള്ളത്.

ഇതിനായി വെബ് സൈറ്റ് സന്ദര്‍ശിച്ച് വെര്‍ച്വല്‍ ക്യൂ ബുക്കിങ് എന്ന കോളത്തില്‍ ക്ലിക് ചെയ്യണം. തുടര്‍ന്ന് നിശ്ചിത കോളത്തില്‍ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ മൊബൈല്‍ നമ്പര്‍ കൊടുത്താല്‍ ഒ.ടി.പി (വണ്‍ ടൈം പാസ്‌വേര്‍ഡ്) നമ്പര്‍ ലഭിക്കുന്നതാണ്. മൊബൈലില്‍ എസ്എംഎസ് ആയി ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ചു ബുക്കിങ് പേജില്‍ പ്രവേശിക്കണം.

ഇതില്‍ നിര്‍ദേശിച്ചിട്ടുള്ള പ്രകാരം പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍, ദര്‍ശനത്തിന് എത്തുന്ന ആളുകളുടെ എണ്ണം, പേരുകള്‍, മൊബൈല്‍ നമ്പറുകള്‍ എന്നിവ ചേര്‍ത്ത് എന്റര്‍ ചെയ്യണം. തുടര്‍ന്ന് ദര്‍ശന സമയം തിരഞ്ഞെടുക്കാവുന്നതാണ്. 2 മുതല്‍ 12 വരെയുള്ള നടതുറപ്പ് ഉത്സവ ദിവസങ്ങളിലാണ് ഓണ്‍ലൈന്‍ ബുക്കിങ് ഉള്ളത്. ഒരു ദിവസം അര മണിക്കൂര്‍ ഇടവിട്ട് 26 ടൈം സ്ലോട്ടുകളായി തിരിച്ചിട്ടുണ്ട്.

താല്‍പര്യമുള്ള ദര്‍ശന സമയം തിരഞ്ഞെടുത്ത് ബുക്ക് ചെയ്തു ഉറപ്പാക്കിയാല്‍ ടോക്കണ്‍ പ്രിന്റ് ചെയ്യുന്ന അവസാന ഘട്ടമായി. ഓണ്‍ലൈന്‍ ടോക്കണുകള്‍ പ്രിന്റ് എടുക്കുകയോ സേവ് ചെയ്തു സൂക്ഷിക്കുകയോ വേണം. ദര്‍ശന സമയത്ത് ടോക്കണ്‍ പകര്‍പ്പും ബുക്ക് ചെയ്ത ആളുടെ തിരിച്ചറിയല്‍ രേഖയും നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.

ഓണ്‍ലൈന്‍ ബുക്കിങിന് ആശ്രയിക്കുന്ന സേര്‍ച്ച് എന്‍ജിനുകള്‍ അപ്‌ഡേറ്റഡ് ആയിരിക്കണം. തിരഞ്ഞെടുത്ത സമയത്തിനു ശേഷം എത്തിയാല്‍ അവസരം നഷ്ടപ്പെടുന്നതാണ്. ഈ സേവനം സൗജന്യമാണ്.