തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം:നാടിനൊപ്പം നൻമയ്‌ക്കൊപ്പം

 

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രട്രസ്റ്റും ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന നാടിനൊപ്പം നൻമയ്‌ക്കൊപ്പം ശുചിത്വ പരിപാലന യജ്ഞത്തിന്റെ ഭാഗമായി അജൈവമാലിന്യ ശേഖരിച്ചു തുടങ്ങി. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി ശേഖരിക്കുകയാണ് ചെയ്യുന്നത്.

ഹരിത കർമ്മ സേനയയ്ക്ക് ആദ്യദിനം തന്നെ ആവേശകരമായ പ്രതികരണമാണ് ജനങ്ങളിൽ നിന്നു ലഭിച്ചത്. മാലിന്യങ്ങളുടെ സ്വഭാവവും ശേഖരിക്കേണ്ട വിധവും സംബന്ധിച്ചു നേരത്തെ നിർദേശങ്ങൾ നൽകിയിരുന്നു. ഇതനുസരിച്ച് വീടുകൾതോറും പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങൾ പ്രത്യേകം സൂക്ഷിച്ചിരുന്നു. വീട്ടിലെത്തി മാലിന്യങ്ങൾ ശേഖരിച്ച ഹരിത കർമ്മ സേനയുടെ തുടർന്നുള്ള ദൗത്യത്തിൽ ചില കുടുംബാംഗങ്ങളും പങ്കുചേർന്നു. ശേഖരിച്ച മാലിന്യങ്ങൾ പ്രത്യേകം തയാറാക്കിയ സംഭരണികളിൽ സൂക്ഷിച്ചശേഷം റീസൈക്കിൾ ചെയ്യുന്നതിന് അയയ്ക്കുകയാണ് ചെയ്യുന്നത്.

thiruviranikulam-2നടതുറപ്പ് ആഘോഷമെന്നപോലെ തിരുവൈരാണിക്കുളം ഗ്രാമം ശുചിത്വപൂർണമാക്കാനുള്ള കർമ്മപരിപാടിയും നാട്ടുകാർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയെന്നു ശുചിത്വ പരിപാലന യജ്ഞം കൺവീനർ കെകെ ബാലചന്ദ്രൻ പറഞ്ഞു. തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി പിജി സുധാകരൻ, എംവി ഉണ്ണികൃഷ്ണൻ, എംകെ കലാധരൻ എന്നിവർ ആദ്യ ദിന ദൗത്യത്തിനു നേതൃത്വം നൽകി.

600 ഓളം വീട്ടുകാരും നൂറോളം സ്ഥാപനങ്ങളുമാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. മുപ്പത് വീടുകളെ ഒരു ഗ്രൂപ്പായി തിരിച്ചാണ് മാലിന്യം ശേഖരിക്കുന്നത്. മാലിന്യം ശേഖരിക്കുന്നത്. മാലിന്യ സംസ്‌കരണത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച സേനാംഗങ്ങള്‍ നേതൃത്വം നല്‍കിവരുന്നു. റീ സൈക്കിള്‍ ചെയ്യാന്‍ കഴിയാത്തവ സിമന്റ് കമ്പനികള്‍ക്ക് നല്‍കാന്‍ മാറ്റിവയ്ക്കും. സി.എഫ്.എല്‍, ബള്‍ബ്, ചില്ല് എന്നിവ പ്രത്യേകം ശേഖരിക്കുന്നുണ്ട്.

തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിന്റെ മാലിന്യ സംസ്‌കരണ മാതൃക മനസ്സിലാക്കിയാണ് പ്രവര്‍ത്തനം. പദ്ധതിക്കായി പത്ത് ലക്ഷം രൂപയാണ് പ്രാരംഭത്തില്‍ ക്ഷേത്ര ട്രസ്റ്റ് ചെലവഴിക്കുന്നത്.