അയ്മുറി ശിവക്ഷേത്രത്തിന്റെ കൊട്ടാര മാളികയുടെ അറ്റകുറ്റപണികൾ ആരംഭിച്ചു

 

കൂവപ്പടി:കൂവപ്പടി അയ്മുറി ശിവക്ഷേത്രത്തിന്റെ കൊട്ടാര മാളികയുടെ അറ്റകുറ്റപണികൾ ആരംഭിച്ചു.ലോകത്തിലെ ഏറ്റവും വലിയ നന്ദി ശിൽപ്പം നിലകൊളളുന്ന ക്ഷേത്രമാണ് അയ്മുറി ശിവക്ഷേത്രം.111 വർഷത്തോളം പഴക്കമുണ്ട് ഇവിടുത്തെ കൊട്ടാര മാളികയ്ക്ക്.

1906 ൽ തൃശൂരിലെ മണലി ഓട്ടുകമ്പനിയിലെ ഓടുകൾ ഉപയോഗിച്ചാണ് കൊട്ടാരത്തിലെ മേച്ചിലുകൾ ചെയ്തിരിക്കുന്നത്‌.വർഷങ്ങളായി ദേവസം ഓഫീസ് പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്.കാലപ്പഴക്കം കൊണ്ട് മേൽക്കൂര നിലം പൊത്താറായ സ്ഥിതിയിലാണ്.

kovappady-2കൊട്ടാര മാളികയുടെ പ്രചീന സൗന്ദര്യത്തിന് കോട്ടം വരുത്താതെയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.അയ്മനം ദേവസ്വം ട്രസ്റ്റും, ക്ഷേത്രം ഉപ സമിതിയും ചേർന്നാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.പണ്ടുകാലത്ത് 800 പറ നെല്ല് പാട്ടം വരവുണ്ടായിരുന്ന ദേവസ്വമാണ് അയ്മനം. ക്ഷേത്രമിരിക്കുന്നതിന് ചുറ്റുമുള്ള കൂവപ്പടി, ഇളമ്പപ്പിള്ളി, അയ്മുറി, വല്ലം, ചേലാമറ്റം, ഒക്കൽ എന്നിവിടങ്ങളിലെ പാടശേഖരങ്ങളിൽ നിന്നും പാട്ടക്കാരായ കൃഷിക്കാർ കൊണ്ടുവന്നിരുന്ന നെല്ല് അളന്ന് സൂക്ഷിച്ചിരുന്നത് ഈ മാളികയിലായിരുന്നു.

കളിമണ്ണ് കുഴച്ചു ചേർത്ത് ചെങ്കല്ലു പാകിയ ഭിത്തികൾ, തടിയിൽ തീർത്ത തൂണുകളും, മേച്ചിലുകളും, മരം കൊണ്ട് നിർമ്മിച്ച ഗോവണി പടികൾ തുടങ്ങിയ പഴമ ഉൾക്കൊള്ളുത്തതാണ് മാളിക.വെള്ളാരപ്പിള്ളി അജിയുടെ നേതൃത്വത്തിലാണ് കൊട്ടാരം പുതുക്കി നിർമ്മിക്കുന്നത്.