സംസ്കൃത സർവ്വകലാശാലയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു

 

കാലടി: സംസ്കൃത സർവ്വകലാശാലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. പുതിയ ഫൈനാർട്‌സ്‌ കെട്ടിടത്തിന്റെ കോൺക്രീറ്റാണ് തകർന്നു വീണത്.

ബുധനാഴ്ച്ച  രാവിലെയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയുടെ വാർക്ക നടന്നത്.വാർക്ക നടക്കുന്നതിനിടെയാണ് തകർന്നു വീണത്. ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവതി പേർ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നത്. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്.താഴത്തെ നിലയിൽ ക്ലാസുകളും നടക്കുന്നുണ്ടായിരുന്നു.

റൂസ പദ്ധതി പ്രകാരം 10 കോടി രൂപ ചിലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്.നിർമ്മാണത്തിലെ അപാകതയാണ് കെട്ടിടം ഇടിഞ്ഞു വീഴാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.എന്നാൽ വാർക്ക താങ്ങി നിർത്തിയിരുന്ന കമ്പിയുടെ ബലക്ഷയമാണ് അപകട കാരണമെന്ന്‌ സർവ്വകലാശാല അധികൃതർ പറയുന്നത്‌.

35 അടി ഉയരത്തിലുളള ഭാഗമാണ് തകർന്നു വീണത്. യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് ഇവിടെ തൊഴിലാളികൾ ജോലി ചെയ്തതും. സുരക്ഷ ഉറപ്പാക്കും വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കാലടി സി ഐ സജീമാർക്കോസ് സർവ്വകലാശാലക്ക് നിർദ്ദേശം നൽകി.