വീട്ടമ്മയുടെ സ്വപ്നം സാക്ഷാത്ക്കരിച്ച് കാലടി റോട്ടറി ക്ലബ്ബ്‌

 

കാലടി: തകർന്നു വീഴാറായ കൂരയിൽ താമസിച്ചിരുന്ന സിമിക്ക് കാലടി റോട്ടറി ക്ലബ്ബിന്റെ സഹായഹസ്തം.റോട്ടറി ക്ലബ്ബ് സിമിക്ക് വീടുനിർമ്മിച്ച് നൽകി.പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടി വലിച്ചുണ്ടാക്കിയ കൂരയിലായിരുന്നു മലയാറ്റൂർ കാടപ്പാറ കുടിക്കലാൻ കവല പുതുശേരി വീട്ടിൽ സിമി മാർട്ടിനും രണ്ട് പെൺമക്കളും കഴിഞ്ഞിരുന്നത്.

പാറമട തൊഴിലാളിയായിരുന്ന മാർട്ടിൻ നെഞ്ചു വേദനയെത്തുടർന്ന് മരണമടഞ്ഞതോടെ ഇവരുടെ ജീവിതവും ഇരുളടഞ്ഞു. വാതിലുകൾ പോലും ഇല്ലാതെ ദ്രവിച്ച മരക്കുറ്റികൾ ഉപയോഗിച്ചുണ്ടാക്കിയ ഷീറ്റുകൾ താങ്ങി നിർത്തിയതായിരുന്നു ഇവരുടെ കൂര. അടുക്കളയിൽ ചെറുതായൊന്ന് തീ ആളിയാൽ ഷീറ്റുകളിൽ തീ പടർന്ന് പിടിക്കുന്ന അവസ്ഥ. പകൽനേരത്തെ കൊടും ചൂടിലും രാത്രിയിലെ തണുപ്പ് മൂലവും അധിക നേരം ഷെഡിനകത്ത് ഇരിക്കാൻ കഴിയാറില്ല.

house-2വനത്തിനോട് ചേർന്നാണ് ഷെഡ്. ഇതു മൂലം കാട്ടുമൃഗങ്ങളുടെ ആക്രമണ ഭീതിയിലുമാണ് ഈ അമ്മയും മക്കളും കഴിഞ്ഞിരുന്നത്. മലയാറ്റൂർ സെന്റ്. മേരീസ് എൽ. പി സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് മക്കളായ ആൻമരിയയും സ്‌നേഹയും. സ്ഥിരജോലിപോലും സിമിക്ക് ഉണ്ടായിരുന്നില്ല. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ശൗചാലയം പോലും ഇവിടെ ഉണ്ടായിരുന്നില്ല. അതിനെല്ലാം ബന്ധു വീടുകളിലേക്കാണ് ഇവർ പോയിരുന്നത്. അടച്ചുറപ്പുള്ള ഒരു വീട് എന്നതായിരുന്നു സിമിയുടെ ആഗ്രഹം.

house-34,20,000/- രൂപ ചെലവാക്കിയാണ് റോട്ടറി വീട് നിർമ്മിച്ച് നൽകിയത്. 700 സ്‌ക്വയർ ഫീറ്റ് അടങ്ങുന്ന വീട്ടിൽ ഹാൾ, ഒരു ബെഡ് റൂം, സിറ്റ് ഔട്ട്, വർക്ക് ഏരിയ, ടോയിലെറ്റ് എന്നിവ അടങ്ങുന്നതാണ്.

വീടിന്റെ താക്കോൽ ദാനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിമോൾ ബേബി, വാർഡ് മെമ്പർ ഷാഗിൻ കണ്ടത്തിൽ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് മനോജ് ജോയി, സെക്രട്ടറി കെ.പി ജോർജ്ജ്, ട്രഷറർ വി.പി തങ്കച്ചൻ, മനോജ് ആന്റണി, തോമസ് പടയാട്ടി തുടങ്ങിയവർ സംസാരിച്ചു.