കാലടി സ്വദേശി ഷാർജയിൽ മരിച്ച നിലയിൽ

 

കാലടി:സന്ദർശക വീസയിൽ ഷാർജയിലെ സഹോദരിയുടെ അടുത്തെത്തിയ മലയാളി യുവാവിനെ താമസ സ്ഥലത്തിന് സമീപം മരിച്ച നിലയിൽ .കാലടി അമ്പാട്ടുവീട്ടിൽ എ.കെ.സുഗതന്റെ മകൻ ഉണ്ണികൃഷ്ണൻ(33) ആണ് മരിച്ചത്.രണ്ട് മാസം മുൻപാണ് ഉണ്ണികൃഷ്ണൻ മാതാവിനൊപ്പം ഷാർജ സൗദി പള്ളിക്ക് സമീപം താമസിക്കുന്ന സഹോദരി അനിതയുടെഅടുത്തെത്തിയത്.

അനിതയുടെ ഭർത്താവ് പൂജിത് രാജിന്റെ സുഹൃത്തിന്റെ പരിചയത്തിൽ ഉണ്ണികൃഷ്ണന് ജോലി ശരിയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒൻപതിന് തൊട്ടടുത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് വീട്ടുസാധനങ്ങൾ വാങ്ങി കൊടുത്ത ശേഷം നടക്കാനെന്ന് പറഞ്ഞ് ഒന്നാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയതായിരുന്നു.

തുടർന്ന് കെട്ടിടത്തിലെ മറ്റു താമസക്കാരാണ് കെട്ടിടത്തിനോട് ചേർന്ന സ്ഥലത്ത് ഉണ്ണികൃഷ്ണൻ രക്തത്തിൽ കുളിച്ചു കിടക്കുന്നതായി അനിതയെ അറിയിച്ചത്. തലയ്ക്കാണ് പരുക്കേറ്റിരുന്നത്. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും മുൻപേ മരണം സംഭവിച്ചിരുന്നു. ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയിട്ടുള്ള ഉണ്ണികൃഷ്ണൻ അവിവാഹിതനാണ്. അനിത ഏക സഹോദരിയാണ്.