ജിതിനും റിജോക്കും ജന്മനാട് കണ്ണിരോടെ വിട നൽകി

 

അങ്കമാലി: പൊള്ളാച്ചി കാറപകടത്തിൽ മരിച്ച ജിതിനും റിജോക്കും ജന്മനാട് കണ്ണിരോടെ വിട നൽകി. അപകടത്തിൽ കാണാതായ മഞ്ഞപ്ര ചുള്ളി കോളാട്ടുകുടി ജോണിയുടെ മകൻ റിജോ യുടെ മൃതദേഹം ചൊവ്വാഴ്ച്ച രാവിലെ കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെയാണ് അപകടം നടന്ന സ്ഥലത്തു നിന്ന് 36 കിലോമീറ്റർ ദൂരെനിന്നും മൃതദേഹം കണ്ടെത്തിയത്. പ്രാർഥനകളുടെയും പ്രതീക്ഷകളുടെയും ഒടുവിൽ രണ്ട് ദിവസത്തെ ശ്രമകരമായ തെരച്ചിലൊടുവിലാണ് ബന്ധുക്കളും അയൽക്കാരും തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥരും അടങ്ങിയ സംഘം റിജോയുടെ മൃതദേഹം കണ്ടെത്തിയത്.

കേരള സർക്കാരിന്‍റെ പ്രത്യക അഭ്യർഥനയുണ്ടായതിനാൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി വൈകീട്ട് 6 മണിയോടെ റിജോയുടെ മൃതദേഹം അങ്കമാലി മഞ്ഞപ്ര ചുള്ളിയിലുള്ള വീട്ടിലെത്തിച്ചു. ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്തടക്കമുള്ള വൈദീക ശ്രേഷ്ഠരോടൊപ്പം നിരവധി പേർ വീട്ടിൽ കാത്തു നിന്നിരുന്നു. ബന്ധുക്കൾക്കും മറ്റുള്ളവർക്കും ഒരു നോക്കു കാണാൻ 15 മിനുട്ട് മാത്രം വീട്ടിൽ വച്ച മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി ചുള്ളി സെന്‍റ് ജോർജ് പള്ളിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.

നൂറുകണക്കിനാളുകളുകളാണ് ജിതിനെ അവസാനമായി ഒരുനോക്ക് താബോർ പറമ്പയത്തെ വീട്ടിലെത്തിയത്. പൊള്ളാച്ചിയിൽ നിന്നും കൊണ്ടുവന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം  രാവിലെ 8.45 ഓടെ വീട്ടിൽ എത്തിച്ചു. വൈകീട്ട് മൂന്നിന് ആരംഭിച്ച സംസ്‌ക്കാര ശുശ്രൂഷകൾക്ക് ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. വൈദീകരും കന്യാസ്ത്രീകളും അടക്കം നിരവധിപേർ പങ്കെടുത്തു.തുടർന്ന് താബോർ വിജോപുരം സെന്‍റ് ജോസഫ് പള്ളിയിൽ സംസ്‌ക്കാരം നടത്തി.

റോജി എം. ജോൺ എംഎൽഎ, സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ, മുൻ എംപിമാരായ പി.സി. ചാക്കോ, കെ.പി. ധനപാലൻ, ബിഷപ്പ് മാർ തോമസ് ചക്യേത്ത്, ജില്ലപഞ്ചായത്ത് അംഗം സാംസൺ ചാക്കോ, മുൻ എംഎൽഎ പി.ജെ. ജോയി, സിപിഎം ഏരിയ സെക്രട്ടറി കെ.കെ.ഷിബു തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

ഞായറാഴ്ച പൊള്ളാച്ചിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് അമൽ, ജിതിൻ, ജാക്‌സൺ, റിജോ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ആൽഫ അത്ഭുതകരമായി രക്ഷപ്പെട്ടു. ദുബായിൽ ജോലി ലഭിച്ച്  പോകാനിരിക്കെയാണ് ജിതിന്‍റെ മരണം . ദുബായിക്ക് പോകുന്നതിനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കി  നെടുമ്പാശ്ശേരിയിൽ നിന്നും വിമാനം കയറുന്നതിനായി ടിക്കറ്റും എടുത്തിരുന്നു .ജിതിന്‍റെ സുഹൃത്തായ റിജോ ക്രിസ്തുമസിന് നാട്ടിലെത്തിയതായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായ അഞ്ചംഗ സംഘം ശനിയാഴ്ച വൈകീട്ടാണ് വിനോദയാത്രക്ക് പുറപ്പെട്ടത്. അമലിന്‍റെയും ജാക്സണിന്‍റെയും അന്ത്യകർമങ്ങൾ തിങ്കളാഴ്ച പൂർത്തിയായിരുന്നു.