സംസ്‌കൃതത്തെ അപ്പാടേ നിരാകരിക്കേണ്ടതാണെന്ന ചിന്താഗതി പുരാഗമന പ്രസ്ഥാനങ്ങൾക്ക് സ്വീകാര്യമായ ഒന്നല്ല : പിണറായി വിജയൻ

 

കാലടി:വിജ്ഞാനത്തിന്റെ പ്രതീകമായ ശ്രീശങ്കരാചാര്യരുടെ നാമധേയത്തിലുള്ള സ്ഥാപനം എല്ലാത്തരത്തിലുള്ള ഇരുട്ടും അകറ്റി വെളിച്ചം പരത്തുക എന്ന ദൗത്യം എറ്റെടുക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌കൃത സർവകലാശാല രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.ശങ്കരാചാര്യരുടെ ദിഗ്‌വിജയത്തെപ്പറ്റി എല്ലാവരും പറയുന്നുണ്ടെന്നും, അറിവുകൊണ്ട് അന്ധകാരത്തെ അകറ്റുന്ന യാത്രയായിരുന്നു അത്.

സംസ്‌കൃതത്തിൽ അറിവുള്ളവരുടെ എണ്ണം കുറഞ്ഞുവരുകയാണ്. വിദേശപണ്ഢിതരാണ് സംസ്‌കൃതഗ്രന്ഥങ്ങളുടെ പ്രാധാന്യം ശരിയായി മനസ്സിലാക്കിയതെന്നാണ് കാണാൻ സാധിക്കുന്നത്.അവർ ഇവിടെയുള്ള അറിവുകൾ പകർത്തിക്കൊണ്ടുപോകുകയും അവയിൽ പലതും പടിഞ്ഞാറൻ നാടുകളുടെ മൗലികമായ കണ്ടെത്തലുകളായി തിരിച്ചുവരുകയും ചെയ്യുന്നു.പടിഞ്ഞാറുനിന്നും ഇവിടേക്കുവരുന്നവ ഇവിടെയുള്ളതായിരുന്നുവെന്ന് തിരിച്ചറിയാതെ പോകുന്ന അവസ്ഥപോലും ഉണ്ടാകുന്നു. ഈ അവസ്ഥ മാറ്റുന്നതിന് സംസ്‌കൃതത്തിലുള്ള വിജ്ഞാനപ്രദങ്ങളായ ഗ്രന്ഥങ്ങളെല്ലാം മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതിന് സർവ്വകലാശാല മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്‌കൃതത്തോടുള്ള പുരോഗമനപ്രസ്ഥാനങ്ങളുടെ സമീപനം എന്താവണമെന്നതിനെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങൾ ഉണ്ട് എന്നത് വസ്തുതയാണ് സംസ്‌കൃതത്തെ അപ്പാടേ നിരാകരിക്കേണ്ടതാണെന്ന ചിന്താഗതി പുരാഗമന പ്രസ്ഥാനങ്ങൾക്ക് സ്വീകാര്യമായ ഒന്നല്ല. അത് കൃത്യമായി തിരിച്ചറിയേണ്ടതാണ്.

സംസ്‌കൃതത്തിലുള്ള അറിവിന്റെ വെളിച്ചം എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആ ഭാഷയേയും അതുമായി ബന്ധപ്പെട്ട സാഹിത്യ സംസ്‌കാരത്തേയും അകറ്റിനിർത്തേണ്ടതാണെന്ന ചിന്ത ബലപ്പെട്ടാൽ ഇവയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന വർഗ്ഗീയ ശക്തികളുടെ താൽപ്പര്യങ്ങളാവും നിർവ്വഹിക്കപ്പെടുക. സാഹിത്യത്തെ, ഭാഷയെ സമീപിക്കുമ്പോൾ ജാതിമത പരിഗണനകളാവരുത് മറിച്ച് അറിവ് ആയിരിക്കണം മാനദണ്ഡമെന്നും പിണറായി വിജയൻ പറഞ്ഞു.

വൈസ് ചാൻസിലർ ഡോ. ധർമ്മരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ റോജി എം. ജോൺ, ടി.വി. രാജേഷ്, മുൻ എം. പി. പി. രാജീവ് എന്നിവർ മുഖപ്രഭാഷണം നടത്തി.ചടങ്ങിൽ മുൻ വൈസ് ചാൻസിലർമാരെ ആദരിച്ചു. രജതജൂബിലിയോടനുബന്ധിച്ച് ലോഗോ രൂപകല്പനയ്ക്കുള്ള സമ്മാനദാനം പ്രൊഫ. കെ. കെ. വിശ്വനാഥൻ നിർവ്വഹിച്ചു.

പണ്ഡിറ്റ് സുബ്ബരാമ ഭട്ടർ എൻഡോവ്‌മെന്റ് ആർ. വെങ്കടകൃഷ്ണനിൽ നിന്നും സിൻഡിക്കേറ്റംഗം ഡോ. ടി. മിനി സ്വീകരിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായിട്ട് സർവകലാശാല സ്ഥിതിചെയ്യുന്ന വാർഡിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി സർവകലാശാലയുടെ സാമ്പത്തികസഹായത്തോടെ നടപ്പിലാക്കുന്നതിന്റെ ആദ്യഗഡു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ദൃശ്യകലാ വിഭാഗം വിദ്യാർത്ഥികൾ രചിച്ച പുസ്തകത്തിന്റെ പ്രകാശനം തോമസ് ജോബ് കാട്ടൂർ നിർവ്വഹിച്ചു.

മുൻ വൈസ് ചാൻസിലർമാരായ ആർ. രാമചന്ദ്രൻ നായർ, ഡോ. എൻപി. ഉണ്ണി, ഡോ. കെ. എസ്. രാധാകൃഷ്ണൻ, ഡോ. ജെ. പ്രസാദ്, ഡോ. എം. സി. ദിലീപ്കുമാർ, കാലടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. തുളസി ടീച്ചർ, സർവകലാശാല യൂണിയൻ ചെയർമാദ്ധ രാഹുൽ ശിവൻ സിൻഡിക്കേറ്റംഗം ഡോ. കെ. ജി. രാമദാസൻ സർവ്വകലാശാല രജിസ്ട്രാർ ഡോ. ടി. പി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു