കാർ കനാലിലേക്ക് മറിഞ്ഞു; നാല് യുവാക്കൾ മരിച്ചു

 
അങ്കമാലി: വിനോദയാത്ര പോയ അങ്കമാലി സ്വദേശികളായ യുവാക്കളുടെ കാർ പൊള്ളാച്ചിയിൽ വച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് 4 പേർ  മരിച്ചു.ഇവരോടൊപ്പം കാറിലുണ്ടായിരുന്ന ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാളെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച്ച രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകീട്ട് 7 മണിയോടെ ആണ് അഞ്ചംഗ സംഘം ഒരു കാറിൽ വിനോദയാത്രക്ക് പുറപ്പെട്ടത്. മൂന്നാർ മറയൂർ വഴി പൊള്ളാച്ചിക്ക് പോകും വഴിയാണ് അപകടം.

അങ്കമാലി ഏഴാറ്റുമുഖം കുറുങ്ങാടൻ പോളച്ചന്‍റെ മകൻ അമൽ പോൾ (20), മൂക്കന്നൂർ പറമ്പയം പറപ്പിള്ളി ജോയിയുടെ മകൻ ജിതിൻ (27), മാണിക്യമംഗലം കോലഞ്ചേരി കെ.പി.ഔസേഫിന്‍റെ മകൻ ജാക്സൺ (20) അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ജോണിയുടെ മകൻ റിജോ (33)എന്നിവരാണ് മരിച്ചത്.

മൂക്കന്നൂർ പറമ്പയംപുതുശേരി പോൾ പി.ജോസഫിന്‍റെ മകൻ ആൽഫ (20)യാണ് രക്ഷപ്പെട്ടത്. അമൽപോളും ജാക്സണും റിജോയും സഹോദരിമാരുടെ മക്കളാണ് .റിജോയുടെ സുഹൃത്തുക്കളാണ് ജിതിനും ആൽഫയും.
അമൽ പോൾ ചാലക്കുടി പൂലാനി നിർമല കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ അവസാന വർഷ ബികോം വിദ്യാർഥിയാണ്.മാതാവ്: ചുള്ളി തോട്ടക്കര മിനി. സഹോദരി: അനില.

ജിതിൻ എംസിഎ പഠനം കഴിഞ്ഞ് വിദേശത്ത് പോകാനായി തയ്യാറെടുക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. വിസിറ്റിങ് വീസയിൽ ദുബായിൽ പോയ ജിധിൻ മടങ്ങിയെത്തിയിട്ട് മൂന്നാഴ്ചയെ ആയിട്ടുള്ളു.മാതാവ്: മേരി. സഹോദരി: ജിത.

ജാക്സൺ ഹോട്ടൽമാനേജ്മെന്‍റ് പഠനത്തിനു ശേഷം എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ ജോലി നോക്കിവരികയായിരുന്നു മാതാവ്: ത്രേസ്യ. സഹോദരങ്ങൾ: ജോസ്മി, ജിസ്മി, ജാസ്മി.

റിജോ ദുബായിൽ നിന്നെത്തിയിട്ട് രണ്ടുദിവസമെ ആയിട്ടുള്ളു. ഹോട്ടൽ മാനേജ്മെന്‍റ് പഠനത്തിനു ശേഷം ദുബായിൽ പോയി രണ്ടു വർഷം കഴിഞ്ഞ് ആദ്യമായാണ് നാട്ടിൽ വരുന്നത്. മാതാവ്: റോസിലി. സഹോദരി: സുനൈന.

അങ്കമാലി എംഎൽഎ റോജി എം. ജോൺ പൊള്ളാച്ചിയിലെത്തി നടപടികൾ ഏകോപിപ്പിച്ചു.