തർക്കം തീർന്നു; മണപ്പാട്ടുചിറയിൽ ബോട്ട് സവാരി ഉടൻ

 

കാലടി: മലയാറ്റൂർ മണപ്പാട്ടുചിറയുടെ ഉടമസ്ഥാവകാശ തർക്കത്തിനു പരിഹാരമായി.തടാകത്തിൽ നിലച്ചുപോയ ബോട്ട് സവാരി ഉടൻ ആരംഭിക്കും. മണപ്പാട്ടുചിറയിൽ പഞ്ചായത്ത് ലേലം ചെയ്തു നൽകിയ ബോട്ട് സർവീസ് തുടരുന്നതിനിടയിൽ പഞ്ചായത്തും ജലസേചന വകുപ്പും തമ്മിൽ തർക്കത്തെത്തുടർന്ന് നിർത്തി വക്കുകയായിരുന്നു. അറ്റകുറ്റപണികളും മുടങ്ങിയതോടെ ബോട്ട് തുരുമ്പെടുത്ത് നശിച്ചു.

മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തും ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്‍റും തമ്മിലായിരുന്നു തർക്കം. കാലാകാലങ്ങളിലായി പഞ്ചായത്ത് ലേലം വിളിച്ച് നൽകിയിരുന്ന ബോട്ടിങും, മീൻ വളർത്തലും, പാർക്കിങ് ഗ്രൗണ്ടും ഇറിഗേഷന്‍റെ തർക്കത്തെതുടർന്ന് നിർത്തി വച്ചിരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച കേസ് കോടതിയിലാണ്.

manappatuchiraടൂറിസം സാധ്യതകളെ മുൻനിർത്തി റോജി എം. ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ കലക്റ്ററുടെ സാന്നിധ്യത്തിൻ കൂടിയ യോഗത്തിൽ പാർക്കിങ് ഗ്രൗണ്ടും, അനുബന്ധ കെട്ടിടങ്ങളും, മീൻ വളർത്തലും പഞ്ചായത്തിന്‍റെ മേൽ നോട്ടത്തിലും, ബോട്ടിങ് ഡിഎംസി, ഇറിഗേഷൻ, ഡിടിപിസി ഇവയുടെ നേതൃത്വത്തിലും ലേലം ചയ്തു നൽകും. ഇതിൽ നിന്നും കിട്ടുന്ന വരുമാനം 10% ഡിടിപിസി യും, 10% ഇറിഗേഷനും , ബാക്കി 80% തുക മണപ്പാട്ടുചിറയുടെ അനുബന്ധ സൗകര്യങ്ങൾക്കുമായി വിനിയോഗിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

120 ഏക്കറോളം വിസ്തൃതിയുളള തടാകമാണ് മണപ്പാട്ടു ചിറ.നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. ബോട്ട് സവാരി ഇല്ലാതായതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്കും നിലച്ചിരിക്കുകയായിരുന്നു.ഉടൻ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ കൂടി പൂർത്തിയാക്കിയാൽ പ്രാദേശിക ടൂറിസം മാത്രമല്ല ആതിരിപ്പിള്ളി വാഴച്ചാൽ മലയാറ്റൂർ കോടനാട് പാണിയേലി ടുറിസത്തിന് വൻ സാധ്യതയാണുള്ളത്.

malayattoor-1കെടിഡിസി സ്ഥലത്ത് സഞ്ചാരികൾക്കു താമസിക്കുന്നതിനായി ആരംഭിച്ച ഹോട്ടൽ പ്രവർത്തനം നിലച്ചിരുന്നു. കൂടുതൽ അലങ്കാര ലൈറ്റുകളും ശുചിമുറി സൗകര്യങ്ങളും ആയാൽ നിരവധി പേർക്ക് ഒരേസമയം സമയം ചെലവഴിക്കാനാകും. കുട്ടികളുടെ പാർക്കും കളിക്കോപ്പുകളും എത്തിയാൽ സായാഹ്നങ്ങളിൽ കുടുംബസമേതം വരുന്നവർക്കും മലയാറ്റൂർ പ്രിയങ്കരമാകും. പ്രഭാത നടത്തത്തിനും വ്യായാമത്തിനും യോഗക്കും ആവശ്യമായ സൗകര്യങ്ങൾ ആയാൽ ആ നിലയിലും നിരവധിപേർ എത്തും. നിലവിൽ നിരവധി പേർ മലയാറ്റൂരിനെ പ്രഭാത വ്യായാമത്തിന് തെരെഞ്ഞെടുക്കുന്നുണ്ട്.

അനുബന്ധ സൗകര്യങ്ങൾ മുൻ ചർച്ചകളുടെ ഭാഗമായി എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഉടൻ പൂർത്തിയാക്കണം. ചിറയിൽ മാലിന്യം തള്ളുന്നത് തടയാനും പൊലിസിന്‍റെ സാന്നിദ്ധ്യം ഉറപ്പു വരുത്താനും കഴിഞ്ഞാൽ മലയാറ്റൂർ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകും.