കാലടിക്കാർ കുടിക്കുന്നത് മലിനജലം:ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്‌

 

കാലടി: പെരിയാറിന്‍റെ സാന്നിധ്യംകൊണ്ട് കാലടിയിൽ അവശ്യത്തിന് ജലലഭ്യതയുണ്ടെങ്കിലും കുടിക്കാൻ ലഭിക്കുന്നില്ല എന്നതാണ് സത്യം. മലിനജലമാണ് കാലടിക്കാർ ഉപയോഗിക്കുന്നത്. അലക്കാനോ കുളിക്കാനോ പോലും കഴിയാത്ത ജലമാണ് കുടിക്കാനുപയോഗിക്കേണ്ടി വരുന്നത്‌. സംസ്‌കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയായ ബ്രില്ലാ ബാൽസം ജെ നടത്തിയ ‘കാലടി പഞ്ചായത്തിലെ ജലത്തിന്‍റെ ലഭ്യതയും അതിന്‍റെ ഉപയോഗവും’ എന്ന പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുളളത്.

brillaബംഗലുരുവിൽ വച്ച് നടന്ന 6-ാമത് യൂനിയൻ ഓഫ് ജ്യോഗ്രഫിക് ഇൻഫർമേഷൻ ടെക്‌നോളജിസ്റ്റ് (യുജിഐറ്റി) അന്തർദേശീയ സെമിനാറിൽ യങ്ങ് ടെക്‌നോളജിസ്റ്റ് അവാർഡും ഈ പ്രബന്ധത്തിന് ലഭിച്ചു. സംസ്‌കൃത സർവകലശാലയിലെ ഹോസ്റ്റലിലെ കുട്ടികൾക്ക് അടിക്കടി അസുഖങ്ങൾ പിടികൂടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബ്രില്ലാ കാലടിയിലെ ജലത്തെ പഠനവിഷയമാക്കിയത്.

പഞ്ചായത്തിലെ വിവിധ ജലാശയങ്ങളിൽ നിന്നും വെളളം ശേഖരിച്ചു. മൂന്ന് സീസണുകളിലാണ് വെളളം പരിശോധനക്കായി എടുത്തത്. മഴയില്ലാത്ത സമയം, മഴയുളള സമയം, മഴക്കുശേഷം എന്നിങ്ങനെയാണ് വെളളത്തിന്‍റെ പരിശോധന നടത്തിയത്. തിരുവനന്തപുരത്തെ ലബോറട്ടറിയിലും,സെന്‍റർ ഫോർ എർത്ത് സയൻസ് സ്‌റ്റഡീസിലും വെളളം പരിശോധനക്ക് വിധേയമാക്കി.വെളളത്തിൽ കോളിഫോം ബാക്റ്റിരിയയുടെ അളവ് വളരെ കൂടുതലാണ്.

കാലടിക്കാവശ്യമായ ശുദ്ധജലം ഇവിടെ തന്നെയുണ്ട് എന്നാൽ അതെല്ലാം ഉപയോഗപ്രദമല്ലന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.14 കുളങ്ങൾ കാലടിയിലുണ്ട്. അതിൽ പലതും ശുദ്ധ ജലമുളളതാണ്.അതെല്ലാം വൃത്തിയായി ഉപയോഗിച്ചാൽ കാലടിയിലെ കുടിവെളള പ്രശ്‌നത്തിനു തന്നെ പരിഹാരമാകും.

മാണിക്കമംഗലം ചിറയിലാണ് ഏറ്റവും ശുദ്ധമായ ജലമുളളത്.എന്നാൽ അതിൽ നിന്നും വരുന്ന കൈത്തോട് കാലടി ടൗണിൽ എത്തുമ്പോൾ വളരെ മോശമാണ്. കാലടിയിലെ മാലിന്യങ്ങൾ വലിച്ചെറിയാനുളള സ്ഥലമായിരിക്കുകയാണ് ജലാശയങ്ങൾ.സംസ്‌കൃത സർവകലാശാലയിലെ ഭൂമി ശാസ്ത്ര വിഭാഗത്തിന്‍റെ മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ടി. എസ്. ലാൻസ്‌ലെറ്റിന്‍റെ കീഴിലാണ് ബ്രില്ലാ ഇപ്പോൾ ഗവേഷണം ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശിനിയാണ് ബ്രില്ലാ