വർണ വിസ്മയം തീർത്ത്‌ സജീവ് കൊങ്ങോർപ്പിളളിയുടെ ചിത്ര പ്രദർശനം

 

കാലടി:കാലടി ലളിതകല അക്കാദമി ആർട്ട്ഗ്യാലറിയിൽ സജീവ് കൊങ്ങോർപ്പിളളിയുടെ ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു.33 ചിത്രങ്ങളാണ് പ്രദർശനത്തിലുളളത്.ചുമർചിത്ര ശൈലി ഇഴുകിചേർന്ന വരകൾ,പ്രകൃതിയും മനുഷ്യനും തമ്മിലുളള ബന്ധം ഇഴചേരുന്ന ചിത്രങ്ങൾ,ഓയിൽ അക്രിലിങ്ക് കളറുകൾ ഉപയോഗിച്ച് ആധുനിക മോഡേൺ ആർട്ടിന്റെ മേമ്പൊടിയോടെയുളള മ്യൂറൽ ചിത്രങ്ങളുടെ വർണ വിസ്മയം എന്നിവയാണ് സജീവ് കൊങ്ങോർപ്പിളളി എന്ന ചിത്രകാരനെ ശ്രദ്ധേയനാക്കുന്നത്.

painting-2ഒരു തലയിൽ നിന്ന് ഇരു ഉടലുകളുമായി യോഗയെ പ്രതിനിധാനം ചെയുന്ന സ്ത്രീ പുരുഷ ചിത്രം മ്യൂറൽ മോഡേൺ ചിത്രരചനാ ശൈലിയുടെ സമന്വയമാണ്.ത്രിമാന തലത്തിൽ വരച്ചിരിക്കുന്നതാണ് മത്‌സ്യവിൽപ്പനക്കാരിയും കുഞ്ഞും.ശ്രീരാമന്റെ സമീപത്ത് നിന്ന് മാനിനെ ചൂണ്ടിക്കാണിക്കുന്ന സീത മോഡേൺ ആർട്ടിന്റെ സ്പർശമുളള ചിത്രമാണ്.

വൃത്തം,ചതുരം,സമചതുരം,ത്രികോണം എന്നിവ ഉപയോഗിച്ച് ജ്യാമിതിയ രീതിയലുളള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.പഴമയും പുതുമയും സംയോജിക്കുന്ന ഒട്ടനവധി ചിത്രങ്ങൾ സജീവ് ഇതിനോടകം വരച്ചിട്ടുണ്ട്.

painting-3നെടുമ്പാശ്ശേരി പഞ്ചായത്തിന്റെ മികച്ച ചിത്രകാരനുളള പുരസ്‌ക്കാരവും,ജനജാഗ്രത സമിതി എക്‌സലന്റ് അവർഡും സജീവിന് ലഭിച്ചിട്ടുണ്ട്.നെടുമ്പാശ്ശേരി സ്വദേശിയായ സജീവ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.തൃപ്പോണിത്തറ ആർഎൽവി കോളേജിൽ നിന്നും നാഷ്ണൽ ഡിപ്ലോമ പാസായിട്ടുണ്ട്.ചിത്രപ്രദർശനം നാടകകൃത്ത് ശ്രീമൂലനഗരം മോഹനൻ ഉദ്ഘാടനം ചെയ്തു.ശനിയാഴ്ച്ച സമാപിക്കും.