വിദേശത്തേയ്ക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

 

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേയ്ക്ക് കടത്താൻ ശ്രമിച്ച 1.7 കിലോ കഞ്ചാവ് പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് ജെറ്റ് എയർവേയ്‌സ് വിമാനത്തിൽ ദോഹയിലേയ്ക്ക് പോകാനെത്തിയ കൊല്ലം കുണ്ടറ സ്വദേശി നവാബ് അബ്ദുൾ സലാമിന്‍റെ പക്കൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.

ചെക്ക്-ഇൻ ബാഗേജിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ചായപ്പൊടി, പുളി, തുടങ്ങിയവ നിറച്ച ഏഴ് പൊതികൾ ബാഗിൽ ഉണ്ടായിരുന്നു. ഇതിൽ പ്രത്യേകം പൊതികളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സിഐഎസ്എഫ് ഇന്‍റലിജൻസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. ടെർമിനലിനകത്തേയ്ക്ക് കയറിയപ്പോൾ തന്നെ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ കസ്റ്റംസിന് കൈമാറി.